ആകാശ എയര്‍ അടുത്ത മാസം പറക്കും, കൊച്ചിയില്‍ നിന്നും സര്‍വീസുകള്‍

ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനി ബജറ്റ് വിമാന സര്‍വീസ് ആണ് വാഗ്ദാനം ചെയ്യുന്നത്

Update:2022-07-23 12:35 IST

ആകാശ എയര്‍ (Akasa Air) അടുത്തമാസം പറക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യന്‍ ഓഹരി നിക്ഷേപകര്‍ ''ഇന്ത്യക്കാരുടെ വാരന്‍ ബഫറ്റ്''  (Warren Buffet)എന്നു വിളിക്കുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ (Rakesh Jhunjhunwala) പിന്തുണയുള്ള വിമാനക്കമ്പനിക്ക് പറക്കാനുള്ള അനുമതി ഈ മാസം ലഭിച്ചിരുന്നു. ക്യാബിന്‍ ക്രൂവിന്റെ യൂണിഫോമും നേരത്തെ തന്നെ ആകാശയുടെ തലപ്പത്തുള്ളവരുടെ വിവരങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ, ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് എയര്‍ലൈന്‍സിനെ ഉറ്റു നോക്കുകയാണ് വ്യവസായ ലോകം.

ഓഗസ്റ്റ് 7 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 28 പ്രതിവാര വിമാനങ്ങളിലും ഓഗസ്റ്റ് 13 മുതല്‍ ബെംഗളൂരു-കൊച്ചി റൂട്ടില്‍ 28 പ്രതിവാര വിമാനങ്ങളിലും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായും കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. 737 മാക്‌സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
ഈസ്റ്റ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്ന് പേലോഡ് നിയമങ്ങള്‍ ഇല്ലാതെ എളുപ്പത്തില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്ന് ആകാശ എയര്‍ സിഇഒ വിനയ് ഡൂബെ കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ആകാശ എത്തുന്നതോടെ ബജറ്റ് എയര്‍ട്രാവല്‍ മേഖലയില്‍ മത്സരം കടുക്കും. എയര്‍ലൈന്‍സിന്റെ പുതിയ വിവരങ്ങളും റൂട്ടും ഉടന്‍ പുറത്തുവരും. അതേസമയം നിലവിലെ മറ്റ് ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 500 മുതല്‍ 600 രൂപയുടെ കുറവ് ആകാശ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുന്‍കൂര്‍ ബുക്കിംഗിലൂടെയും ഓണ്‍ബോര്‍ഡ് പര്‍ച്ചേസിലും ലഭ്യമാകുന്ന ഭക്ഷണത്തിന്റെയും ലഘുഭക്ഷണത്തിന്റെയും മെനുവും വിമാനക്കമ്പനി പുറത്തിറക്കിയിട്ടുണ്ട്.


Tags:    

Similar News