നിക്ഷേപം നടത്താന്‍ ആമസോണ്‍; വോഡഫോണ്‍ ഐഡിയ സമാഹരിക്കുക 20,000 കോടി

5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനാണ് തുക സമാഹരിക്കുന്നത്

Update:2022-05-31 10:23 IST

20,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി വോഡഫോണ്‍ ഐഡിയ (Vi). അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ ആമസോണ്‍ (Amazon) ഉള്‍പ്പടെയുള്ള കമ്പനികളുമായി വോഡഫോണ്‍ ഐഡിയ ചര്‍ച്ച നടത്തുകാണ്. 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനാണ് തുക സമാഹരിക്കുന്നത്.

10000 കോടി രൂപ ഇക്വിറ്റി നിക്ഷേപമായും ബാക്കി തുക വായ്പയായും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കമ്പനിയുടെ നിലവിലെ പ്രൊമോട്ടര്‍മാര്‍ 4500 കോടി രൂപ കൂടി നിക്ഷേപിക്കും. സ്‌പെക്ട്രം വാങ്ങിയ ഇനത്തിലുല്‌ള കുടിശിക കേന്ദ്ര സര്‍ക്കാരിന് ഓഹരികളായി കൈമാറാന്‍ വോഡഫോണ്‍ ഐഡിയ ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു.

ഈ ഓഹരി കൈമാറ്റത്തിന് ശേഷമാവും ആമസോണ്‍  ഉൾപ്പടെയുള്ളവരുടെ നിക്ഷേപം എത്തുക. കമ്പനിയിലെ സര്‍ക്കാര്‍ സാന്നിധ്യത്തെക്കുറിച്ച് നിക്ഷേപകര്‍ കൂടുതല്‍ വ്യക്തത തേടുന്ന സാഹതര്യത്തിലാണിത്. 35.8 ശതമാനം ഓഹരികളാണ് സര്‍ക്കാരിന് കൈമാറുന്നത്. 5ജി സ്‌പെക്ട്രം ലേലത്തിന് മുമ്പ് ഓഹരികളുടെ കൈമാറ്റം പൂര്‍ത്തിയാവും. നേരത്തെ 1500 കോടിയുടെ ബാങ്ക് ഗ്യാരന്റി ടെലികോം മന്ത്രാലയം വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചു നല്‍കിയിരുന്നു.

പുതിയ നിക്ഷേപ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇന്നലെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 4.14 ശതമാനം ഉയര്‍ന്ന് 9.3 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 2.66 ശതമാനം ഉയര്‍ന്ന് 9.55 രൂപയിലാണ് ( 10.00 am) വ്യാപാരം.

Tags:    

Similar News