എസ്ബിഐ യോനോ: എന്തെല്ലാം ഫീച്ചറുകൾ, എങ്ങനെ ഉപയോഗിക്കാം?

Update:2019-03-03 14:00 IST

ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഞ്ച് ചെയ്ത YONO (You Only Need One) എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ നൂതനവും വ്യത്യസ്തവുമായ നിരവധി ഫീച്ചറുകളാല്‍ ശ്രദ്ധേയമാകുന്നു. വൈവിദ്ധ്യമാര്‍ന്ന ബാങ്കിംഗ് സേവനങ്ങള്‍ക്ക് പുറമേ ഷോപ്പിംഗിനും നിക്ഷേപത്തിനുമൊക്കെ യോനോ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്.

യോനോ നല്‍കുന്ന സേവനങ്ങള്‍

  • ഭവന വാഹന വായ്പകള്‍ യോനോ മുഖേന നേടാനാകും. ഉപഭോക്താവിന്റെ വിവരങ്ങളും ക്രെഡിറ്റ് സ്‌കോറും പരിശോധിച്ചശേഷം വായ്പക്ക് അര്‍ഹതയുണ്ടെങ്കില്‍ ഉടനടി അതിന് തത്വത്തിലുള്ള അംഗീകാരം നല്‍കും
  • യാതൊരുവിധ രേഖകളും ആവശ്യപ്പെടാതെ തന്നെ തെരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള പേഴ്‌സണല്‍ ലോണ്‍ യോനോ മുഖേന ലഭിക്കും
  • ഉപഭോക്താവിന്റെ സ്ഥിര നിക്ഷേപത്തെ (FD) അടിസ്ഥാനമാക്കി ഇതിലൂടെ ഓവര്‍ഡ്രാഫ്റ്റ് നേടാം. അതിന് 0.25 ശതമാനം പലിശയിളവും ലഭിക്കും
  • ആമസോണ്‍, മിന്ത്ര, ഐ.ആര്‍.സി.ടി.സി, യാത്ര തുടങ്ങിയവയെല്ലാം യോനോയില്‍ ലഭ്യമാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സുഗമമായി നിര്‍വ്വഹിക്കാനാകും
  • യോനോയിലെ 'Spend Analysis' ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് ചെലവുകളുടെ വിലയിരുത്തലും പ്ലാനിംഗും നടത്താം
  • എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ്, എസ്.ബി.ഐ കാപ് സെക്യൂരിറ്റീസ്, എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്‌സ്, എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയെ യോനോയില്‍ സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ അവയെല്ലാം ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകും
  • ബാങ്കിടപാടുകളായ ഫണ്ട് ട്രാന്‍സ്ഫര്‍, എഫ്.ഡി എക്കൗണ്ട് തുറക്കല്‍, ബില്‍ പേമെന്റ് തുടങ്ങിയവയൊക്കെ യോനോ സുഗമമാക്കും
  • ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ ആവശ്യപ്പെടുന്നതിനും എ.ടി.എം പിന്‍ മാറ്റുന്നതിനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനും വരെ യോനോ ഉപയോഗിക്കാം
  • 10000 രൂപ വരെ പെട്ടെന്ന് കൈമാറുന്നതിനുള്ള ക്വിക്ക് ട്രാന്‍സ്ഫര്‍ സംവിധാനവും യോനോയിലുണ്ട്
  • എ.ടി.എം കാര്‍ഡ് കൈവശമില്ലെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കാര്‍ഡില്ലാതെ തന്നെ യോനോ മുഖേന എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം.

Similar News