​എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 466 % വളര്‍ച്ച, ഒരു ഉപഭോക്താവില്‍ നിന്ന് 183 രൂപ

വരുമാനം 22 ശതമാനം ഉയര്‍ന്ന് 32,805 കോടിയിലെത്തി

Update: 2022-08-08 12:03 GMT

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,606.9 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ എയര്‍ടെല്ലിന്റെ അറ്റാദായം വെറും 284 കോടി രൂപ ആയിരുന്നു.

465.81 ശതമാനത്തിന്റെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്. വരുമാനം 22 ശതമാനം ഉയര്‍ന്ന് 32,805 കോടിയിലെത്തി. ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) മുന്‍വര്‍ഷത്തെ 146 രൂപയില്‍ നിന്ന് 183 രൂപയായി ഉയര്‍ന്നു. 6,398 കോടി രൂപയാണ് ആദ്യപാദത്തിലെ കമ്പനിയുടെ ആകെ ചെലവ്.

എയര്‍ടെല്ലിന്റെ 4ജി ഉപഭോക്താക്കളുടെ എണ്ണം ഒരു വര്‍ഷം കൊണ്ട് 20.8 മില്യണ്‍ ആയാണ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിനെ അപേക്ഷിച്ച് 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ 4.5 മില്യണിന്റെ വര്‍ധനവ് ഉണ്ടായി. കമ്പനിയുടെ ആകെ വരിക്കാരില്‍ 63 ശതമാനവും 5ജി ഉപയോഗിക്കുന്നവരാണ്. ഈ മാസം 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എയര്‍ടെല്‍. ഏതാനും ദിവസം മുമ്പ് അവസാനിച്ച 5ജി ലേലത്തില്‍ 43,084 കോടി രൂപ മുടക്കി 19,868 mhz സ്‌പെക്ട്രമാണ് എയര്‍ടെല്‍ സ്വന്തമാക്കിയത്.

Tags:    

Similar News