Image:dhanam file 
Industry

ബൈജൂസില്‍ പ്രതിസന്ധി; തിരിച്ചടവ് ആവശ്യപ്പെട്ട് വായ്പാ ദാതാക്കള്‍

1.2 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം വായ്പായായി ബൈജൂസ് സമാഹരിച്ചത്. വായ്പ തിരിച്ചടയ്‌ക്കേണ്ടി വന്നാല്‍ അത് ബൈജൂസിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം

Dhanam News Desk

പ്രമുഖ എഡ്‌ടെക്ക് കമ്പനി ബൈജൂസിനോട് തിരിച്ചടവ് ആവശ്യപ്പെട്ട് ഒരുകൂട്ടം കടപ്പത്ര ഉടമകള്‍. ടേം ബി വായ്പ വിഭാഗത്തില്‍ ബൈജൂസ് സമാഹരിച്ച 1.2 ബില്യണ്‍ ഡോളറിന്റെ ഒരു വിഹിതമാണ് ഇപ്പോള്‍ ഇവര്‍ ആവശ്യപ്പെടുന്നത്. 5 വര്‍ഷ കാലാവധിയില്‍ കഴിഞ്ഞ വര്‍ഷമാണ് ബൈജൂസ് ടേം ബി വായ്പ വിഭാഗത്തില്‍ പണം സമാഹരിച്ചത്.

ആദ്യം വായ്പ നല്‍കിയവരില്‍ നിന്ന് കടം ഏറ്റെടുത്തവരാണ് തിരിച്ചടവ് ആവശ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും. വായ്പ നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രസിദ്ധീകരിക്കേണ്ട 2021-22ലെ കണക്കുകള്‍ ഇതുവരെ ബൈജൂസ് നല്‍കിയിട്ടില്ല. ബൈജൂസിന്റെ യുഎസ് യൂണീറ്റിലെ 850 മില്യണ്‍ ഡോളറിന്റെ ക്യാഷ് റിസര്‍വ് വായ്പ തിരിച്ചടിവിന് ഉപയോഗിക്കണമെന്നാണ് കടപ്പത്ര ഉടമകളുടെ ആവശ്യം.

ഒരു ഡോളര്‍ മൂല്യമുള്ള കടപത്രങ്ങള്‍ 64.8 ശതമാനം ഇടിഞ്ഞ് നില്‍ക്കുമ്പോള്‍ വാങ്ങല്‍ നടത്തിയവര്‍ ലാഭമെടുക്കാനുള്ള ശ്രമം നടത്തുകയാണ്. നിലവില്‍ 80 സെന്റോളമാണ് ഈ കടപ്പത്രങ്ങളുടെ മൂല്യം. വായ്പ തിരിച്ചടയ്‌ക്കേണ്ടി വന്നാല്‍ അത് ബൈജൂസിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. ഇത് കമ്പനി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. 2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT