വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ പഠന സാങ്കേതികവിദ്യാ കമ്പനി ബൈജൂസ് കച്ചവട തന്ത്രം മാറ്റുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കളുടെ പരാതിയില്‍ കമ്മീഷന്‍ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു.
വീടുകളിലേക്ക് സെയില്‍സ് ടീമിനെ അയ്ക്കുന്ന രീതിയാണ് കമ്പനി അവസാനിപ്പിക്കുന്നത്. 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളില്‍ കോഴ്‌സുകള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കാമെന്നും ബൈജൂസ് ബാലാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് ബൈജൂസ് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയിലൂടെയുള്ള സൗജന്യ ക്ലാസുകള്‍ നല്‍കും.
ബൈജൂസ് ടീം മാതാപിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ച് സബ്‌സ്‌ക്രിപ്ഷന്‍ നേടുന്നു എന്ന പരാതി വ്യാപകമാണ്. രക്ഷിതാക്കള്‍ ഇത്തരം ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ എത്തുന്നത് പതിവാണ്. ഇതുസംബന്ധിച്ച കേസുകളും നിലവിലുണ്ട്. ഓണ്‍ലൈനായി ആവും ഇനി ബൈജൂസ് കോഴ്‌സുകളുടെ വില്‍പ്പന. പരാതികള്‍ ഒഴിവാക്കാന്‍ നാല് ഘട്ടങ്ങളിലായി ഉപഭോക്താക്കളെ സേവനങ്ങള്‍ പരിചയപ്പെടുത്തും. റീഫണ്ട് അടക്കമുള്ള കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പറഞ്ഞു മനസിലാക്കിക്കും.
ഭാവിയില്‍ ഉയരാനിടയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് കമ്പനി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. കൂടാതെ സാമ്പത്തിക സഹായം ആവശ്യമുള്ള മാതാപിതാക്കള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കും. അതേ സമയം വീട്ടിലെത്തി സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന രീതി അവസാനിപ്പിക്കുന്നത് വരുമാനത്തെ ബാധിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ബൈജൂസ് 2023 മാര്‍ച്ചോടെ ലാഭത്തിലെത്താനുള്ള ശ്രമത്തിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ദശകോടി ഡോളര്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine