ബ്രിട്ടനു മിടുക്കരെ വേണം; 'ഫാസ്റ്റ് ട്രാക്ക് വിസ' സംവിധാനത്തിനു നീക്കം

Update:2019-08-09 13:54 IST

'ബ്രെക്സിറ്റി'നുശേഷം ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാനുതകുന്ന പുതിയ ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നീക്കമാരംഭിച്ചു.

ബ്രിട്ടനിലേക്ക് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതില്‍ പുതിയ പ്രധാനമന്ത്രിക്കുള്ള താല്‍പ്പര്യം നിരവധി ഇന്ത്യാക്കാര്‍ക്കു പ്രയോജനകരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

'യു.കെ ഒരു ആഗോള സയന്‍സ് സൂപ്പര്‍ പവറായി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ശാസ്ത്രത്തെയും ഗവേഷണത്തെയും പിന്തുണയ്ക്കും.ലോകമെമ്പാടുമുള്ള മികച്ച മനസുകളെ ഇങ്ങോട്ടാകര്‍ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാകണം ബ്രിട്ടന്റെ ഇമിഗ്രേഷന്‍ സംവിധാനം'-ബോറിസ് ജോണ്‍സണ്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഒക്ടോബര്‍ 31 ന് ഉടമ്പടിയോടെയോ അല്ലാതെയോ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താക്കാമെന്ന പ്രതിജ്ഞയുടെ അടിസ്ഥാനത്തിലാണ്  തെരേസ മേയുടെ പിന്‍ഗാമിയായി ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനമേറ്റത്. ബ്രെക്‌സിറ്റിനുശേഷം കൂടുതല്‍ വിദഗ്ധരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ഓസ്ട്രേലിയ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനം ഈ വര്‍ഷാവസാനത്തോടെ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Similar News