പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത് ഇരുണ്ട നാളുകള്‍, 2010 തിരിച്ചുവരുമോ?

Update:2020-03-21 17:07 IST

വന്‍കിട കമ്പനിയൊന്നുമല്ലെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐറ്റി കമ്പനിയില്‍ നിന്നാണ് സിദ്ധാര്‍ത്ഥിന് നാല് ലക്ഷം രൂപ വാര്‍ഷിക വേതനത്തില്‍ കാംപസ് പ്ലേസ്‌മെന്റ് കിട്ടുന്നത്. വിദ്യാഭ്യാസ വായ്പയും അടച്ച് ബാക്കിയുള്ള തുക കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യാമെന്നുള്ള സന്തോഷത്തിലായിരുന്നു സിദ്ധാര്‍ത്ഥ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വിദേശത്തുനിന്നുള്ള ചില പ്രോജകറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. നില പരുങ്ങലിലായ കമ്പനി പുതിയ ഓഫറുകള്‍ റദ്ദാക്കിയേക്കാമെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിദ്ധാര്‍ത്ഥ് കേട്ടത്.

കോവിഡ് 19 സാമ്പത്തികരംഗത്ത് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കനത്ത പ്രഹരം വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളെ ബാധിച്ചിരിക്കുകയാണ്. അവര്‍ പുതിയതായി ആളെ എടുക്കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ശരാശരി 5-7 ലക്ഷം രൂപ മുടക്കി എംബിഎ, എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.

2010ലെ അവസ്ഥയുണ്ടാകുമോ?

''ഇടത്തരം കമ്പനികളില്‍ കൂടുതലും സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നില്ലെങ്കിലും ഈ വര്‍ഷം വന്‍കിട കമ്പനികള്‍ മികച്ച രീതിയില്‍ തന്നെ ടോപ്പ് കോളെജുകളില്‍ കാംപസ് പ്ലേസ്‌മെന്റ് നടത്തിയിരുന്നു. പ്രത്യേകിച്ച് ഐറ്റി കമ്പനികള്‍. എന്നാല്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ കൊടുത്ത ഓഫറുകള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. 2010 പോലെ സംഭവിക്കാതിരിക്കട്ടെയെന്നാണ് ഞങ്ങള്‍ ആശിക്കുന്നത്. ഇന്ന് ഓഫര്‍ ലെറ്റര്‍ വരെ കൊടുത്തിട്ട് ഇന്‍ഫോസിസ് ഒഴിച്ച് ബാക്കിയെല്ലാ സ്ഥാപനങ്ങളും പിന്നോട്ടുപോയി. ഇന്‍ഫോസിസ് തന്നെ 2-3 വര്‍ഷം കഴിഞ്ഞാണ് ജോലിക്ക് വിളിക്കുന്നത്.'' പ്ലേസ്‌മെന്റ് ഓഫീസേഴ്‌സ് കണ്‍സോര്‍ഷ്യം - കേരളയുടെ ചെയര്‍മാന്‍ ബ്രിജേഷ് ജോര്‍ജ് ജോണ്‍ പറയുന്നു.

ഏറ്റവും വലിയ റിക്രൂട്ടറായ ഐറ്റി മേഖലയില്‍ ഇനി കാര്യങ്ങള്‍ പഴയതുപോലെ ആകില്ലെന്നുതന്നെയാണ് എച്ച്ആര്‍ വിദഗ്ധര്‍ പറയുന്നത്. യു.എസ്, യൂറോപ്പ് വിപണികളില്‍ കോറോണവൈറസ ഏല്‍പ്പിച്ച പ്രഹരം ഐറ്റി മേഖലയെ വരും ദിനങ്ങളില്‍ കാര്യമായി ബാധിച്ചേക്കാം. ട്രാവല്‍, ടൂറിസം, വ്യോമയാനം, മാനുഫാക്ചറിംഗ്, ഓട്ടോമൊബീല്‍, റീറ്റെയ്ല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

''മാനേജീരിയല്‍ ജോലികളെയാണ് ഈ പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് എന്നതിനാല്‍ എംബിഎ വിദ്യാര്‍ത്ഥികള്‍ക്കാകാം കൂടുതല്‍ തിരിച്ചടിയുണ്ടാകുന്നത്. 10 ശതമാനത്തോളം വരുന്ന അതിസമര്‍ത്ഥര്‍ ഒരുപക്ഷെ ഈ സാഹചര്യത്തെ അതിജീവിച്ചേക്കാമെങ്കിലും ബാക്കിം 90 ശതമാനം പേര്‍ക്ക് പ്രശ്‌നമുണ്ടാകാം. എന്‍ജിനീയറിംഗ് വിഭാഗത്തില്‍ അക്കാദമിക് തലത്തില്‍ മികച്ചുനില്‍ക്കുന്നവരെക്കാള്‍ പഠനത്തില്‍ പിന്നോക്കമാണെങ്കിലും കോഡിംഗ് സ്‌കില്ലുകളുള്ളവര്‍ക്കായിരിക്കും ഇനി അവസരങ്ങളുള്ളത്. ജോബ് ഓഫര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ ചെറുകിട-ഇടത്തരം കമ്പനികള്‍ തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടുപോയേക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. വന്‍കിട കമ്പനികള്‍ തങ്ങളുടെ വാഗ്ദാനം പാലിക്കാന്‍ ശ്രമിച്ചേക്കാമെങ്കിലും.'' ഗീന്‍പെപ്പറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കൃഷ്ണകുമാര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News