കോവിഡ് 19: പ്ലേസ്‌മെന്റ് ഉറപ്പിച്ച എംബിഎ വിദ്യാര്‍ത്ഥികളുടെ പോലും ഭാവി തുലാസില്‍
ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിലവസരങ്ങളെയും കോവിഡ് 19 തകര്‍ത്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പോലെ രാജ്യമെമ്പാടുമുള്ള പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ജോലി സാധ്യതകള്‍ക്കു പോലും മങ്ങലേറ്റിരിക്കുന്നു. പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിച്ച് കമ്പനികളില്‍ പ്ലേസ്‌മെന്റ് നേടിയ വിദ്യാര്‍ത്ഥികളുടെ ഓഫറുകള്‍ ഇപ്പോള്‍ പിന്‍വലിക്കപ്പെടുകയാണ്. വിഭവ പരിമിതിയുള്ള കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും തങ്ങള്‍ പ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കുന്ന നീക്കം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളായ ഐഐഎം ബാംഗ്ലൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ നല്‍കിയിരുന്ന ഓഫര്‍ ലെറ്ററുകള്‍ വരെ റദ്ദാക്കപ്പെടുന്നുണ്ടെന്ന് തൊഴില്‍ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വരുന്ന ഒട്ടനേകം പോസ്റ്റുകള്‍ വെളിവാക്കുന്നു.
ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്.
''കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഡാറ്റ അനലിറ്റിക്‌സ് സര്‍വീസസ് ആന്‍ഡ് സൊലൂഷന്‍സ് കമ്പനിയില്‍ എനിക്ക് പ്ലേസ്‌മെന്റ് ലഭിച്ചതാണ്. ആ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി എന്ന് സ്ഥിരതയാര്‍ജ്ജിക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ട് ബദല്‍ മാര്‍ഗങ്ങള്‍ തിരയുകയാണ്. ശരിക്കും ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. ജോലിക്കായി മുട്ടാന്‍ മറ്റനേകം വാതിലുകള്‍ നമുക്ക് മുന്നിലില്ല. എല്ലായിടത്തും സാഹചര്യം ഏതാണ്ട് സമാനമാണ്,'' ഒരു പുതുതലമുറ ഐഐഎമ്മില്‍ നിന്ന് അടുത്തിടെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗാര്‍ത്ഥി പറയുന്നു.
ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും പ്രശ്‌നത്തില്‍
അതിനിടെ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും പല കമ്പനികളും റദ്ദാക്കിയിരിക്കുകയാണ്. ചില കമ്പനികള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ വെര്‍ച്വല്‍ ആക്കി മാറ്റിയിട്ടുമുണ്ട്. മുംബൈ ആസ്ഥാനമായുള്ള മീഡിയ കണ്‍സള്‍ട്ടിംഗ് കമ്പനിയും ദുബായ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയും അവരുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ വെര്‍ച്വല്‍ ആക്കിയതായി ഐഐഎമ്മുകളില്‍ നിന്നുള്ളവര്‍ പറയുന്നു. കേരളം ആസ്ഥാനമായുള്ള ഒരു മാനുഫാക്ചറിംഗ് കമ്പനി ഉള്‍പ്പടെയുള്ളവര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിദേശ കമ്പനികളുടെ ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാനിരുന്നവര്‍ക്ക് യാത്രാ വിലക്ക് കാരണം അതിന് സാധിക്കുന്നില്ല. ചില കമ്പനികള്‍ പ്രോഗ്രാം മാറ്റിവെച്ചിട്ടുണ്ട്.
മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും തിയതികള്‍ മാറ്റുന്നു
പല മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്റേണ്‍ഷിപ്പിന്റെ തിയ്യതികള്‍ വരെ മാറ്റുകയാണ്. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്തേക്ക് പുനഃക്രമീകരിക്കാനാണ് ശ്രമിക്കുന്നത്. അപ്പോഴേക്കും സ്ഥിതിഗതികള്‍ സാധാരണനിലയാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ചില ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ടെക്‌നോളജിയുടെ പിന്‍ബലത്തോടെ വെര്‍ച്വര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും നോക്കുന്നുണ്ട്.
എന്നാല്‍ ചില പ്രമുഖ കമ്പനികള്‍ ഇത്തരം വെര്‍ച്വല്‍ പ്രോഗ്രാമുകളുടെ ഔട്ട്പുട്ടില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മികച്ച കമ്പനികളില്‍ പ്ലേസ്‌മെന്റ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണിത്. ഇന്റേണ്‍ഷിപ്പ്് പ്രോഗ്രാമുകളാണ് പലപ്പോഴും നല്ല കമ്പനികളിലേക്കുള്ള പ്ലേസ്‌മെന്റിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്നത്. പല കമ്പനികളും ഏറ്റവും മികച്ച ടാലന്റിനെ കണ്ടെത്താന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളെ വന്‍തോതില്‍ ആശ്രയിക്കാറുണ്ട്. പ്രമുഖ ഐഐഎമ്മുകളിലെ മൂന്നില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വഴി പ്രീ പ്ലേസ്‌മെന്റ് ഓഫറും ലഭിക്കാറുണ്ട്.
ഇത്രമാത്രം പ്രാധാന്യമുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ വെര്‍ച്വല്‍ ആകുന്നതും റദ്ദാക്കപ്പെടുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകുകയാണ്. കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രമുഖ ബിസിനസ് സ്‌കൂളുകളിലെ ബിരുദദാന ചടങ്ങുകളും മാറ്റി വെച്ചിരുന്നു.