ഇന്ത്യക്കാരെ പുകഴ്ത്തി ഇലോണ്‍ മസ്‌ക്; ടെക്ക് ഭീമന്മാരുടെ ഇന്ത്യന്‍ സിഇഒമാരെ അറിയാം
ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരുടെ നേട്ടങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്
പരാഗ് അഗര്‍വാള്‍ ട്വിറ്ററിൻ്റെ സിഇഒ സ്ഥാനത്തേക്ക് എത്തിയത് മുതല്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരുടെ നേട്ടങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യക്കാരായ പ്രതിഭാശാലികളില്‍ നിന്ന് യുഎസിന് വളരെ വലിയ നേട്ടമാണ് ഉണ്ടാകുന്നത് എന്നാണ് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്.
ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ് ഇന്ത്യന്‍ സിഇഒമാരുടെ വിശേഷങ്ങള്‍. പരാഗ് അഗര്‍വാള്‍ പഠിച്ച ഐഐടി-ബോംബെയുടെ ശിലാസ്ഥാപന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആഗോള ടെക്ക് കമ്പനികളില്‍ ഇന്ത്യക്കാര്‍ നേട്ടമുണ്ടാക്കുമ്പോള്‍, ഇത്രയും പ്രതിഭാശാലികള്‍ എന്തുകൊണ്ട് രാജ്യം വിടുന്നു എന്ന് ചിന്തിക്കണമെന്ന രീതിയിലുള്ള ചര്‍ച്ചകളും ട്വിറ്ററിലുണ്ട്.
ടെക്ക് ലോകത്തെ ഇന്ത്യന്‍ സിഇഒമാര്‍
സുന്ദര്‍ പിച്ചെ-google
2015ല്‍ ആണ് മധുര സ്വദേശിയായ സുന്ദര്‍ പിച്ചെ ഗൂഗിളിൻ്റെ സിഇഒ ആയി ചുമതല ഏറ്റത്. 2004ല്‍ ആണ് പിച്ചെ ഗൂഗിളില്‍ എത്തുന്നത്. ഗൂഗിളിൻ്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും 2019 ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനത്തേക്കും സുന്ദര്‍ പിച്ചെ എത്തി.
സത്യ നദെല്ലെ- Microsoft
ഹൈദരബാദുകാരനായ സത്യ നദെല്ലെ മൈക്രോസോഫ്റ്റിലെത്തുന്നത് 1992ല്‍ ആണ്. 2014ല്‍ സ്ഥാനമൊഴിഞ്ഞ സ്റ്റീവ് ബാല്‍മെറിന് പകരക്കാരനായാണ് നദെല്ലെ മൈക്രോസോഫ്റ്റിൻ്റെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്.
ശന്തനു നരയെന്‍- Adobe
ഹൈദരാബാദില്‍ ജനിച്ച ശന്തനു നരയെന്‍ അഡോബിയുടെ പ്രസിഡന്റ്, സിഒഒ, സിഇഒ എന്നീ സ്ഥാനങ്ങളാണ് വഹിക്കുന്നത്. 1998ല്‍ അഡോബിയില്‍ എത്തിയ അദ്ദേഹം 2005ല്‍ സ്ഥാപനത്തിൻ്റെ പ്രസിഡന്റായും 2007ല്‍ സിഇഒ ആയും 2017ല്‍ ബോര്‍ഡ് ചെയര്‍മാനായും സ്ഥാനമേറ്റു.
രാജീവ് സൂരി- Nokia, inmarsat
ബ്രിട്ടീസ് സാറ്റ്‌ലൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി ഇന്‍മര്‍സാറ്റിൻ്റെ സിഇഒ ആണ് ഡല്‍ഹി സ്വദേശിയായ രാജീവ് സൂരി.
ഇന്‍മര്‍സാറ്റില്‍ എത്തുന്നതിന് മുന്‍പ് 2014-2021 മാര്‍ച്ച് വരെ നോക്കിയയുടെ സിഇഒ ആയിരുന്നു രാജീവ്. ഫിന്‍ലന്‍ഡുകാരനല്ലാത്തെ നോക്കിയയുടെ രണ്ടാമത്തെ സിഇഒ എന്ന പ്രത്യേകതയും അദ്ദേഹത്തിന് സ്വന്തമാണ്.
അരവിന്ദ് കൃഷ്ണ- IBM
ഐബിഎമ്മിൻ്റെ ചെയര്‍മാനും സിഇഒയുമാണ് അരവിന്ദ് കൃഷ്ണ. 1990ല്‍ ആണ് അദ്ദേഹം ഐബിഎമ്മില്‍ എത്തുന്നത്. 2020 ഏപ്രിലില്‍ ഐബിഎം സിഇഒ ആയ അരവിന്ദ് കൃഷ്ണ ഈ വര്‍ഷം ആദ്യം സ്ഥാപനത്തിൻ്റെ ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തു.
അമേരിക്കന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ വിഎംവെയറിൻ്റെ സിഇഒ രംഗരാജന്‍ രഘുറാം, വീഡിയോ പ്ലാറ്റ്‌ഫോം വിമിയോയുടെ സിഇഒ അഞ്ജലി സൂദ്, പാലോള്‍ട്ടോയുടെ നികേഷ് അറോറ, അമേരിക്കന്‍ ഇലട്രോണിക്‌സ് കമ്പനി ഫ്ലെക്‌സിലെ രേവതി അദ്വൈതി, നെറ്റ് ആപ്പിലെ ജോര്‍ജ് കുര്യന്‍, മൈക്രോണിലെ സഞ്ജയ് മെഹ്‌റോത്ര അങ്ങനെ നീളുന്നു ഇന്ത്യന്‍ സിഇഒമാരുടെ പേരുകള്‍....