അമ്പതിനായിരം പിന്നിട്ട് ടാറ്റ ആല്‍ട്രോസ്

2020 ജനുവരി മുതല്‍ ഡിസംബര്‍ അവസാനം വരെ ആല്‍ട്രോസിന്റെ മൊത്തം വില്‍പ്പന 47,076 യൂണിറ്റാണ്

Update: 2021-01-28 09:38 GMT

കോവിഡ് മഹാമാരി മൂലം ഏറെ പ്രതസന്ധി നേരിട്ടെങ്കിലും നേട്ടവുമായി വാഹന വിപണിയിലെ വമ്പന്‍മാരായ ടാറ്റ. ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ ടാറ്റാ ആല്‍ട്രോസിന്റെ 50,000 യൂണിറ്റുകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കി. ഹ്യൂണ്ടായ് ഐ 20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയോടൊപ്പം മത്സരിക്കുന്ന ആല്‍ട്രോസ് 2021 ജനുവരി 22 ഓടെയാണ് 50000 യൂണിറ്റുകള്‍ വിറ്റഴിച്ചത്.

ഓട്ടോകാര്‍ പ്രൊഫഷണലിന്റെ കണക്കനുസരിച്ച് 2020 ജനുവരി മുതല്‍ ഡിസംബര്‍ അവസാനം വരെ ആല്‍ട്രോസിന്റെ മൊത്തം വില്‍പ്പന 47,076 യൂണിറ്റാണ്, ഇതില്‍ 44,427 പെട്രോളും 2,649 ഡീസലും ഉള്‍പ്പെടുന്നു. ശരാശരി 4,000 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആല്‍ട്രോസ് ഐടര്‍ബോ വില്‍പന 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആല്‍ട്രോസ് ടര്‍ബോ-പെട്രോള്‍ ലോഞ്ചിംഗിനിടെ ടാറ്റ പറഞ്ഞു.
''ആല്‍ട്രോസിന്റെ വരവോടെ 2020 സാമ്പത്തിക വര്‍ഷത്തില്‍, ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഞങ്ങളുടെ വിപണി വിഹിതം 5.4 ശതമാനം വര്‍ദ്ധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പ്രീമിയം ഹാച്ച് വിഭാഗത്തില്‍ ഞങ്ങള്‍ 17 ശതമാനം വിപണി വിഹിതം നേടി. സെഗ്മെന്റില്‍ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ പുതിയ ആല്‍ട്രോസ് ശ്രേണി ഇന്ത്യന്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.' ടാറ്റാ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
86 എച്ച്പി, 1.2 ലിറ്റര്‍ പെട്രോള്‍, 90 എച്ച് പി, 1.5 ലിറ്റര്‍ ഡീസല്‍, 110 എച്ച്പി, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആല്‍ട്രോസ് ഉപഭോക്താവിലേക്കെത്തിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് മാനുവല്‍ രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. പക്ഷേ ഒരു ഡിസിടി ഗിയര്‍ബോക്‌സ് സജ്ജീകരിച്ച ആല്‍ട്രോസും വിപണിയിലിറക്കിയിട്ടുണ്ട്.


Tags:    

Similar News