ഇന്ത്യയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചാല്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കാം; ടെസ്‌ലയോട് സര്‍ക്കാര്‍
കംപോണന്റ്‌സ് വാങ്ങലിലൂടെ നിക്ഷേപം നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് നിര്‍മാണക്കമ്പനിയായ ടെസ്ല കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചകളിലാണ്. എന്നാല്‍ ടെസ്ല ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍ സര്‍ക്കാരിന്റെ ആവശ്യകതകള്‍ പരിഗണിക്കണമെന്നതാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
വാഹന ഇറക്കുമതി ചുങ്കം വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയില്‍ നിന്ന് കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ ഓട്ടോ കംപോണന്റ്‌സ് വാങ്ങണമെന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ ആവശ്യം.
ടെസ്ല ഇന്‍കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധരാണെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥവൃന്ദത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തൃപ്തികരമായ നില കൈവരിക്കുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ പാര്‍ട്സ് വാങ്ങലുകള്‍ പ്രതിവര്‍ഷം 10% മുതല്‍ 15% വരെ വര്‍ധിപ്പിക്കാന്‍ ടെസ്ല സമ്മതിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
100 മില്യണ്‍ ഡോളറിന്റെ ഓട്ടോ കംപോണന്റ്‌സ് ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതായാണ് ഓഗസ്റ്റില്‍ ടെസ്ല വെളിപ്പോടുത്തിയത്. എന്നാല്‍ ഇത് ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.