കൊച്ചിയില്‍ എല്‍.പി.ജി ടെര്‍മിനല്‍, ഡല്‍ഹിയില്‍ ഹൈഡ്രജന്‍ ഉത്പാദനം; ഇരട്ട നേട്ടവുമായി ഇന്ത്യന്‍ ഓയില്‍
പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനലിന്റെ ചെലവ് ₹700 കോടി
പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം നിര്‍മ്മാണം അനക്കമറ്റ് കിടന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നു. എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിലേക്ക് ആദ്യ കപ്പല്‍ ഉടന്‍ എത്തും. ഇതോടെ, മംഗലാപുരത്ത് നിന്ന് റോഡ് മാര്‍ഗം കേരളത്തിനാവശ്യമായ എല്‍.പി.ജി ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നത് ഒഴിവാക്കാം. ഇതുവഴി, 400-500 കോടി രൂപയെങ്കിലും കമ്പനിക്ക് പ്രതിവർഷം ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ടണ്ണോണം എല്‍.പി.ജിയാണ് ഉപഭോഗം. 700 കോടിയോളം രൂപ ചെലവിട്ടാണ് ഇന്ത്യന്‍ ഓയില്‍ എല്‍.പി.ജി ടെര്‍മിനല്‍ സജ്ജമാക്കിയത്.
ഹൈഡ്രജനില്‍ ഓടുന്ന ബസ്
ഹൈഡ്രജന്‍ ഉത്പാദനവും ഉഷാറാക്കിയ ഇന്ത്യന്‍ ഓയില്‍, ഡല്‍ഹിയില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഓടുന്ന ആദ്യ ബസ് അവതരിപ്പിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഫ്‌ളാഗ് ഓഫ് ചെയ്തു. ഐ.ഒ.സി പ്രതിദിനം 75 കിലോ ഹൈഡ്രജന്‍ ഇന്ധനം ഉത്പാദിപ്പിക്കും. ഇത് രണ്ടു ബസുകള്‍ക്ക് ഉപയോഗപ്പെടും. ഫരീദാബാദിലെ ഗവേഷണ വികസന കേന്ദ്രത്തിലാണ് ഹൈഡ്രജന്‍ ഉത്പാദനം. ഹൈഡ്രജന്‍ ബസുകള്‍ പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറന്തള്ളുന്നില്ല, വെള്ളം മാത്രമാണ് പുറത്തുവിടുന്നത്.