ലക്ഷ്യം കാര്‍ഷിക മേഖല, സൂപ്പര്‍ആപ്പുമായി ഐടിസി

ITC MAARS എന്ന പേരിലാണ് കാര്‍ഷിക രംഗത്തെ ബിസിനസ് ശക്തമാക്കുന്നതിന് കമ്പനി സൂപ്പര്‍ആപ്പ് ഒരുക്കിയിരിക്കുന്നത്;

Update:2022-07-22 15:50 IST
ലക്ഷ്യം കാര്‍ഷിക മേഖല, സൂപ്പര്‍ആപ്പുമായി ഐടിസി
  • whatsapp icon

കാര്‍ഷിക ബിസിനസ് വര്‍ധിപ്പിക്കുന്നതിന് പുത്തന്‍ നീക്കവുമായി ഐടിസി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി സൂപ്പര്‍ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി. ITC MAARS എന്ന പേരിലാണ് കാര്‍ഷകരെ ലക്ഷ്യം വച്ചുള്ള സൂപ്പര്‍ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നീ വിഭാഗങ്ങളിലെ 40,000 കര്‍ഷകരെ ഉള്‍പ്പെടുത്തി 200 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായി (എഫ്പിഒ) ഏഴ് സംസ്ഥാനങ്ങളില്‍ ആപ്പ് പൈലറ്റ് ചെയ്യുന്നണ്ട്. ഐടിസി സിഎംഡി സഞ്ജീവ് പുരി വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'ഞങ്ങളുടെ ലക്ഷ്യം 4000 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായും പത്ത് ദശലക്ഷം കര്‍ഷകരിലേക്കും എത്തുകയെന്നതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എഫ്പിഒകള്‍ക്കോ ഐടിസി പോലുള്ള വാങ്ങുന്നവര്‍ക്കോ വില്‍ക്കാം'' അദ്ദേഹം പറഞ്ഞു. കര്‍ഷക സമൂഹത്തില്‍ പരിവര്‍ത്തനപരമായ പങ്ക് വഹിക്കാന്‍ MAARS-ന് കഴിയുമെന്ന് പുരി പറഞ്ഞു.
അതേസമയം, പശ്ചിമ ബംഗാളിലെ ഉലുബേരിയയിലുള്ള പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മാണ പ്ലാന്റില്‍ കമ്പനി 300 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐടിസി ഇന്‍ഫോടെക്കിന്റെ ലിസ്റ്റിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉചിതമായ സമയത്ത് നടത്തുമെന്ന് പുരി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


Tags:    

Similar News