സംരംഭകര്‍ക്ക് ഒരുകോടി വരെ വായ്പ നല്‍കാന്‍ സംസ്ഥാനം; മാനദണ്ഡങ്ങള്‍ അറിയാം

5 രൂപ പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. കെഎഫ്‌സിയുടെയും സംസ്ഥാന സര്‍ക്കാരിൻ്റെയും സബ്‌സിഡിയും ലഭിക്കും

Update: 2021-11-17 05:49 GMT

ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാന്‍സ് കോര്‍പറേഷന്‍ (കെഎഫ്‌സി). പദ്ധതി അനുസരിച്ച് സംരംഭകര്‍ക്ക് 5 രൂപ പലിശ നിരക്കില്‍ ഒരു കോടി രൂപവരെ വായ്പ ലഭിക്കും.

വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ശതമാനവും കെഎഫ്‌സിയുടെ മൂന്ന് ശതമാനവും സബ്‌സിഡി നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 സംരംഭങ്ങള്‍ സൃഷ്ടിക്കുകയാണ് കെഎഫ്‌സിയുടെ ലക്ഷ്യം. പ്രതിവര്‍ഷം 300 കോടിവരെയാണ് വായ്പ പദ്ധതിക്കായി കെഎഫ്‌സി നീക്കിവെക്കുന്നത്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പുതിയ ഘട്ടമായാണ് വായ്പ അനുവദിക്കുന്നത്. നേരത്തെ ഇതേ പദ്ധതിയില്‍ 7 ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപവരെയാണ് വായ്പ അനുവദിച്ചിരുന്നത്.
അറിയേണ്ട കാര്യങ്ങള്‍
  • വായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ഥാപനത്തിന് എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
  • സംരംഭകൻ്റെ പ്രായം 50 വയസില്‍ കൂടാന്‍ പാടില്ല. പ്രവാസി മലയാളികള്‍, എസ്ഇ എസ്ടി, വനിത സംരംഭകര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
  • പുതിയ സംരംഭങ്ങള്‍ക്കും, നിലവിലുള്ളവയുടെ ആധുനിക വത്കരണത്തിനും വായ്പ ലഭിക്കും.
  • പ്രോജക്ട് ചെലവിൻ്റെ 90 ശതമാനംവരെ ആണ് വായ്പ നല്‍കുന്നത്.
  • വലിയ പദ്ധതികള്‍ക്ക് ഒരു കോടിയിലധികം രൂപ വായ്പയായി നല്‍കും. ഇത്തരം സാഹചര്യങ്ങളില്‍ ഒരുകോടി രൂപവരെ 5 ശതമാനം പലിശ നിരക്കിലും ബാക്കി തുക സാധാരണ പലിശ നിരക്കിലും ആയിരിക്കും ലഭിക്കുക.
  • 10 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പലിശ നിരക്കിലുള്ള സബ്‌സിഡികള്‍ ആദ്യ അഞ്ചുവര്‍ഷം മാത്രമായിരിക്കും.
  • തെരഞ്ഞെടുക്കുന്ന സംരംഭകര്‍ക്ക് പ്രത്യേക പരിശീലനവും സേവനങ്ങളും കെഎഫ്‌സി നല്‍കും.
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.6 ശതമാനം പലിശ നിരക്കില്‍ ഒരുകോടി രൂപവരെ വായ്പ നല്‍കും.


Tags:    

Similar News