കഴിഞ്ഞ 5 വര്‍ഷം ഇന്ത്യ വിട്ടത് 559 വിദേശ കമ്പനികള്‍
മടങ്ങിയവയില്‍ ഫോഡും ഫിയറ്റും ഹാര്‍ലി ഡേവിഡ്‌സണും
വ്യവസായ സൗഹൃദസൂചികയില്‍ റാങ്കിംഗ് മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങുന്ന വിദേശ കമ്പനികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 559 വിദേശ കമ്പനികളാണ് ഇന്ത്യ വിട്ടതെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ മാത്രം 137 കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി. 2018ല്‍ 102, 2020ല്‍ 90, 2021ല്‍ 75, 2022ല്‍ 64 എന്നിങ്ങനെയും കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പുതിയ 469 കമ്പനികളാണ് ഇന്ത്യയിലേക്ക് വന്നത്.
7 വാഹന നിര്‍മ്മാതാക്കളും മടങ്ങി
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 7 പ്രമുഖ വിദേശ വാഹന നിര്‍മ്മാതാക്കളും ഇന്ത്യയിലെ പ്രവര്‍ത്തനം നിറുത്തി. അമേരിക്കന്‍ കമ്പനികളായ ഫോഡ്, ജനറല്‍ മോട്ടോഴ്‌സ് (ഷെവര്‍ലെ), യുണൈറ്റഡ് മോട്ടോഴ്‌സ്, ആഡംബര ടൂവീലര്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍, പൊളാരിസ്, ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റ്, ഫോക്‌സ്‌വാഗണിന്റെ ട്രക്ക് ആന്‍ഡ് ബസ് വിഭാഗമായ മാന്‍ (MAN) എന്നിവയാണ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.