ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടംനേടി എല്‍ഐസി, സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികളും നാല് സ്വകാര്യ കമ്പനികളുമാണ് ഇന്ത്യയില്‍നിന്ന് ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടം നേടിയത്

Update:2022-08-04 12:15 IST

ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇടംനേടി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. 97.26 ബില്യണ്‍ ഡോളര്‍ വരുമാനവും 553.8 മില്യണ്‍ ഡോളര്‍ ലാഭവുമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ 98-ാം സ്ഥാനത്താണ്. അതേസമയം, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാനം മെച്ചപ്പെടുത്തി. നേരത്തെ 104 ാം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് 51 ാം സ്ഥാനത്തേക്കാണ് കുതിച്ചത്. 93.98 ബില്യണ്‍ ഡോളര്‍ വരുമാനവും 8.15 ബില്യണ്‍ യുഎസ് ഡോളറിന്റെ അറ്റാദായവുമുള്ള റിലയന്‍സ് 19 വര്‍ഷമായി ഫോര്‍ച്യൂണ്‍ പട്ടികയിലുണ്ട്.

യുഎസ് റീറ്റെയ്‌ലര്‍ വാള്‍മാര്‍ട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഒമ്പത് ഇന്ത്യന്‍ കമ്പനികളാണുള്ളത്. ഇവയില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും നാലെണ്ണം സ്വകാര്യ കമ്പനികളുമാണ്.

അടുത്തിടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍ഐസിയാണ് റിലയന്‍സിന് തൊട്ടുപിന്നിലുള്ള ഇന്ത്യന്‍ കമ്പനി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 28 സ്ഥാനങ്ങള്‍ ഉയര്‍ത്തി 142-ാം റാങ്കിലെത്തിയപ്പോള്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 190ലെത്തി.

രണ്ട് ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളും പട്ടികയിലുണ്ട്. ടാറ്റ മോട്ടോഴ്സ് 370 ാമതും ടാറ്റ സ്റ്റീല്‍ 435-ാം സ്ഥാനത്തുമാണ്. 437-ാമതുള്ള രാജേഷ് എക്സ്പോര്‍ട്ട്സാണ് പട്ടികയിലെ മറ്റൊരു സ്വകാര്യ ഇന്ത്യന്‍ കമ്പനി. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 236-ാം സ്ഥാനത്തും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 19 സ്ഥാനങ്ങള്‍ ഉയര്‍ത്തി 295-ലുമെത്തി.

2022 മാര്‍ച്ച് 31-നോ അതിനുമുമ്പോ അവസാനിച്ച അതാത് സാമ്പത്തിക വര്‍ഷങ്ങളിലെ മൊത്തം വരുമാനമനുസരിച്ചാണ് ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടിക തയ്യാറാക്കുന്നത്.LI

Tags:    

Similar News