ഈ കമ്പനിയിലെ 17.41 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി മഹീന്ദ്ര
ഓഹരികള്‍ 296 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുക
സ്വരാജ് എഞ്ചിന്‍സ് ലിമിറ്റഡിലെ 17.41 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഓഹരികള്‍ കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ (കെഐഎല്‍) നിന്ന് 296 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ സ്വരാജ് എഞ്ചിന്‍സ് ലിമിറ്റഡിലെ (എസ്ഇഎല്‍) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ ഓഹരി 34.72 ശതമാനത്തില്‍ നിന്ന് 52.13 ശതമാനമായി ഉയരും. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വരാജ് എഞ്ചിന്‍സ് ലിമിറ്റഡിന്റെ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 17.41 ശതമാനം വരുന്ന 21,14,349 ഓഹരികള്‍ ഒന്നിന് 1,400 രൂപ നിരക്കില്‍ ഏറ്റെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ സ്വരാജ് എഞ്ചിന്‍സ് ലിമിറ്റഡ് മഹീന്ദ്രയുടെ ഒരു ഉപസ്ഥാപനമായി മാറും.
പഞ്ചാബിലെ മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ഇഎല്‍ ഡീസല്‍ എഞ്ചിനുകളുടെയും അതിന്റെ ഘടകങ്ങളുടെയും നിര്‍മാണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 1985ല്‍ മുന്‍ പഞ്ചാബ് ട്രാക്‌ടേഴ്‌സ് ലിമിറ്റഡാണ് ഇത് പ്രമോട്ട് ചെയ്തത്.
2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 1,138.15 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം.