മോഹന്‍ലാലിന്റെ 'മരക്കാര്‍' ഒടിടിയിലേക്കെന്ന് സൂചന

മരക്കാര്‍ ക്രിസ്മസ് റിലീസായി ആമസോണില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ

Update:2021-10-21 15:40 IST

ലോകമെങ്ങുമുള്ള മലയാളി പ്രേഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമ "മരക്കാര്‍ അറബിക്കടലിന്റെ സിംഹം" ആമസോണ്‍ പ്രൈം റിലീസിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനാമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച മരക്കാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. 2020 മാര്‍ച്ചില്‍ തീയേറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമ കൊവിഡിനെ തുടര്‍ന്ന് റിലീസ് പലതവണ മാറ്റുകയായിരുന്നു.

മൂംബൈയില്‍ വെച്ച് ആമസോണ്‍ പ്രതിനിധികള്‍ക്കായി പ്രിവ്യൂ ഷോ നടത്തിയെന്നും മരക്കാര്‍ ക്രിസ്മസ് റിലീസായി ആമസോണില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എത്ര കാത്തിരുന്നാലും സിനിമ തീയേറ്ററില്‍ മാത്രമെ റിലീസ് ചെയ്യൂ എന്നായിരുന്നു നേരത്തെ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നത്. അടുത്ത തിങ്കളാഴ്ച തീയേറ്ററുകള്‍ തുറക്കുമ്പോള്‍ 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മരക്കാര്‍ ഓടിടിയിലേക്ക് എത്തുന്നത് എന്നാണ് സൂചന. മരക്കാര്‍ സിനിമ ഓടിടി റിലീസാകുമെന്ന് നേരത്തെയും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതേ സമയം ഈ തീരുമാനം അംഗീകരിക്കാന്‍ ആകില്ലെന്നും വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നിര്‍മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. 2020ല്‍ തന്നെ കേരളത്തിലെ തീയേറ്ററുകളില്‍ നിന്ന് മരക്കാറിന്റെ റിലീസിനായി എഗ്രിമെന്റ് വെച്ച് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഒരു നീക്കം മരക്കാറിന്റെ നിര്‍മാതാവിന് നടത്താന്‍ ആവില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഒടിടിക്ക് പ്രിയം കൂടുന്നു
ഓടിടി റിലീസിലൂടെ ആഗോള തലത്തില്‍ പ്രേഷകരെ കണ്ടെത്താന്‍ മലയാളം സിനിമകള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ തന്നെ ദൃശ്യം 2 ആമസോണില്‍ റിലീസ് ചെയ്തപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സൂരാജ് വെഞ്ഞാറന്‍മൂട്, ടോവിനോ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കാണക്കാണെ സോണി ലിവിന്റെ ആഗോള വ്യൂവര്‍ഷിപ്പ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
ഹിന്ദി, തെലുങ്ക് ഉള്‍പ്പടെ അഞ്ചോളം ഭാഷകളിലെത്തുന്ന പാന്‍ ഇന്ത്യന്‍ സിനിമ എന്ന ലേബലും ഒടിടിക്ക് തയ്യാറെടുക്കാന്‍ മരക്കാര്‍ ടീമിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കൊവിഡ് ഭീതി നിലനില്‍ക്കെ ഫാമിലി ഓഡിയന്‍സ് തീയേറ്ററിലേക്ക് ഉടന്‍ എത്തുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
മോഹല്‍ലാല്‍ അഭിനയിച്ച് പ്രിത്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഒടിടി റിലീസിനൊരുങ്ങുന്നു എന്നാണ് വിവരം. നിവിന്‍ പോളി- ബേസില്‍ ജോസഫ് കൂട്ടുകെട്ടിന്റെ മിന്നല്‍ മുരളി ഇന്ത്യയിലെ ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിവിന്‍പോളിയുടെ കനകം കാമിനി കലഹം ഹോട്ട്‌സ്റ്റാറിലാണ് റിലീസിനെത്തുന്നത്.


Tags:    

Similar News