ഇവികള്‍ ഇന്ത്യയില്‍ നിശബ്ദ വിപ്ലവം സൃഷ്ടിക്കുമെന്ന് മോദി, വലിയ ലക്ഷ്യങ്ങളുമായി സുസുക്കി

കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള മാരുതിയുടെ പ്രവേശനം വൈകിപ്പിക്കുന്നത്

Update: 2022-08-29 07:14 GMT

Pic Courtesy : Maruti Suzuki / Twitter

ഇലക്ട്രിക് വാഹനങ്ങള്‍ (EV) ഇന്ത്യയില്‍ നിശബ്ദ വിപ്ലവം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ സുസുക്കിയുടെ (Suzuki) ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററി നിര്‍മാണ പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഞായറാഴ്ച നടന്ന ചടങ്ങില്‍ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (R&D ) സെന്ററും സുസുക്കി പ്രഖ്യാപിച്ചു.


മാരുതി സുസുക്കിയുടെ (Maruti Suzuki) ഹരിയാനയിലെ നിര്‍മാണ യൂണീറ്റിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ മോദി നിര്‍വഹിച്ചു. ഏകദേശം 7,300 കോടി രൂപയുടെ നിക്ഷേപം ആണ് ഗുജറാത്തില്‍ സുസുക്കി നടത്തുന്നത്. പൂര്‍ണമായും സുസുക്കിയുടെ ഉടമസ്ഥതയിലായിരിക്കും രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ആര്‍ & ഡി സെന്റര്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ അക്കാദമിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഉള്ള സഹകരണം ശക്തമാക്കുമെന്നും സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റ് ടി സുസൂക്കി അറിയിച്ചു.



കഴിഞ്ഞ സാമ്പത്തിക വര്‍ഷം സുസുക്കി ഗ്രൂപ്പ് ഉല്‍പ്പാദിപ്പിച്ച 2.8 മില്യണ്‍ വാഹനങ്ങളില്‍ 60 ശതമാനവും ഇന്ത്യയില്‍ ആയിരുന്നു. 2.4 ലക്ഷം യൂണീറ്റ് വാഹനങ്ങളാണ് രാജ്യത്ത് നിന്ന് സുസൂക്കി കയറ്റി അയച്ചത്. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാന്‍ സര്‍ക്കാരിനൊപ്പെ പ്രവര്‍ത്തിക്കുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അറിയിച്ചു.

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025ല്‍ എത്തുമെന്ന് ആവര്‍ത്തിച്ച ആര്‍സി ഭാര്‍ഗവ, മറ്റ് ഇന്ധനങ്ങളും ടെക്‌നോളജിയും പെട്രോള്‍ ഉപയോഗം കുറയ്ക്കാന്‍ ഉപയോഗിക്കുമെന്നും വ്യക്തമാക്കി. ഉയര്‍ന്ന വിലയുള്ള ഇലക്ട്രിക് കാറുകളെക്കാള്‍ ഇന്ത്യയ്ക്ക് അനുയോജ്യം സിഎന്‍ജി പോലുള്ളവയാണെന്ന നിലപാടാണ് മാരുതി സുസുക്കി ചെയര്‍മാനുള്ളത്. കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള മാരുതിയുടെ പ്രവേശനം വൈകിപ്പിക്കുന്നത്.

Tags:    

Similar News