വ്യവസായ നയത്തില്‍ സംരംഭകര്‍ക്ക് ഇളവുകളേറെ; കേരള ബ്രാന്‍ഡ് ലേബല്‍ ഉടന്‍
സംസ്ഥാനത്ത് ഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും
സംസ്ഥാന വ്യവസായ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ ഒരുക്കുക എന്ന ലക്ഷ്യം ഈ നയത്തിനുണ്ട്. വ്യവസായ വിപ്ലവം 4.0 ന്റെ ഭാഗമായി വിവിധ പദ്ധതികളാണ് സംരംഭകര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവിധ ഇളവുകള്‍ ഇവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇളവുകള്‍
ചെറുകിട സംരംഭ (എംഎസ്എംഇ) വ്യവസായങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നല്‍കുന്ന പദ്ധതിയുണ്ട്. സ്ത്രീകള്‍/ പട്ടികജാതി/ പട്ടികവര്‍ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ചാര്‍ജിലും ഇളവ് നല്‍കും. എംഎസ്എംഇ ഇതര സംരംഭങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജിഎസ്ടി വിഹിതം 5 വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതിയുമുണ്ട്.
തിരികെ നല്‍കും
50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിര ജോലിക്കെടുക്കുന്ന വന്‍കിട സംരംഭങ്ങളില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന മാസവേതനത്തിന്റെ 25% (പരമാവധി 5000 രൂപ വരെ) തൊഴിലുടമക്ക് ഒരു വര്‍ഷത്തേക്ക് തിരികെ നല്‍കുന്ന പദ്ധതിയും ഈ നയത്തിലുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന മാസവേതനത്തിന്റെ 7500 രൂപ തൊഴിലുടമക്ക് ഒരു വര്‍ഷത്തേക്ക് തിരികെ നല്‍കുന്ന പദ്ധതിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ഡാറ്റ മൈനിംഗ് ആന്‍ഡ് അനാലിസിസ് തുടങ്ങിയവ സംരംഭങ്ങള്‍ ചെലവാക്കുന്ന തുകയുടെ 20 ശതമാനം (പരമാവധി 25 ലക്ഷം രൂപ വരെ) തിരികെ നല്‍കുന്നതിനുള്ള പദ്ധതി കൊണ്ടുവരും.
കേരള ബ്രാന്‍ഡ്
ഉത്പന്നങ്ങള്‍ക്ക് 'കേരള ബ്രാന്‍ഡ്' ലേബലില്‍ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തില്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
നൂതന സൗകര്യങ്ങളൊരുക്കും
സംസ്ഥാനത്ത് ഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങള്‍ക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും നയത്തിലുണ്ട്. സംരംഭങ്ങളെ പാരിസ്ഥിതിക സാമൂഹിക, ഭരണ ഘടകങ്ങളില്‍ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കും.