5000 കോടി രൂപയുടെ വികസന പദ്ധതികളുമായി നെസ്‌ലെ ഇന്ത്യ

പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ, പുതിയ ഉൽപ്പന്നങ്ങൾ, ഏറ്റെടുക്കലുകൾ എന്നിവ പ്രതീക്ഷിക്കാം

Update:2022-09-24 15:38 IST

ഭക്ഷ്യ-പാനീങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ ഇന്ത്യ (Nestle India) അടുത്ത മൂന്ന് വർഷത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സി ഇ ഒ മാർക്ക് ഷ്നൈഡർ അറിയിച്ചു. നിലവിൽ 9 ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാനും, പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും, പുതിയ കമ്പനികൾ ഏറ്റെടുക്കാനും നെസ്‌ലെ ലക്ഷ്യമിട്ടിട്ടുണ്ട്. വികസന പദ്ധതികൾ നടപ്പാക്കുന്നതോടെ തൊഴിൽ സാധ്യതയും വർധിക്കുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ 60 വർഷത്തിൽ സ്വിറ്റ്സർലൻഡ് കമ്പനിയായ നെസ്‌ലെ 8000 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിനാൽ അടുത്ത മൂന്ന് വർഷത്തിൽ നിക്ഷേപിക്കുന്ന തുക താരതമ്യേന വലുതാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാൻ നെസ്‌ലേക്ക് സാധിച്ചു. പണപ്പെരുപ്പം 15 % വർധിച്ചിട്ടും വില വർദ്ധനവിലൂടെ കൂടുതൽ വരുമാനം നേടാൻ സാധിച്ചു. 2022 രണ്ടാം പാദത്തിൽ വരുമാനം 16.4 % വർധിച്ച് 4000 കോടി രൂപയായി. മെട്രോ നഗരങ്ങൾ, ചെറിയ പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ വിൽപ്പന വർധിച്ചു.
വളർത്തു മൃഗ സംരക്ഷണത്തിനും, ശിശുക്കളുടെ പോഷകാഹാരത്തിനും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. പുരിന പെറ്റ് കെയർ എന്ന കമ്പനി ഏറ്റെടുത്തതോടെ വളർത്തു മൃഗങ്ങൾക്ക് ഉള്ള ഉൽപ്പന്നങ്ങളിലേക്ക് ബിസിനസ് വികസനം സാധ്യമായി. 25 % വളർച്ച നിരക്കുള്ള 4000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ളതാണ് ഇന്ത്യൻ പെറ്റ് കെയർ വിപണി. നെസ്‌ലെ ഈ വിഭാഗത്തിൽ 2022 ആദ്യ പകുതിയിൽ 51% വളർച്ച നിരക്ക് കൈവരിച്ചു -വിറ്റുവരവ് 46.3 കോടി രൂപ.
ശിശു പോഷക ആഹാര വിപണിയിൽ സ്‌നാക്‌സ്, ബിസ്‌കറ്റ്, ധാന്യങ്ങൾ എന്നിവ ഉൾപ്പെട്ടതാണ്. വാർഷിക വീറ്റുവരവ് 3500 കോടി രൂപ..



Tags:    

Similar News