ഒരു ഭാഗത്ത് പിരിച്ചുവിടല്‍ മറുഭാഗത്ത് പുതിയ നിയമനങ്ങള്‍

സൊമാറ്റോ, കാര്‍സ്24, ബൈജൂസ്, അപ്ഗ്രാഡ് തുടങ്ങി വിവിധ കമ്പനികള്‍ പുതിയ നിയമനത്തിനൊരുങ്ങുകയാണ്

Update:2023-02-06 13:45 IST

 image: @canva

പിരിച്ചുവിടലുകള്‍ക്ക് ഇടയിലും പല കമ്പനികളും പുതിയ നിയമനങ്ങള്‍ നടത്തുന്നതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയിലെ ആദ്യ ആഴ്ചകളില്‍ 101 ടെക് സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ 25,436 ജീവനക്കാരെ പിരിച്ചുവിട്ടു. ടെക്ക് കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 17,000 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു.

പിരിച്ചുവിടലും നിയമനവും

അടുത്തിടെ 100 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട സൊമാറ്റോ 800 പുതിയ നിയമനങ്ങളാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം 600 ജീവനക്കാരെ വിട്ടയച്ച കാര്‍സ്24 ഇപ്പോള്‍ 500 പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 3500 ല്‍ അധികം ജോലികള്‍ വെട്ടിക്കുറച്ച ബൈജൂസ് 50,000 അംഗ ടീമിലേക്ക് 10,000 പേരെ കൂടി നിയമിക്കാന്‍ പദ്ധതിയിടുന്നു. മറ്റൊരു പഠന സാങ്കേതികവിദ്യാ സ്ഥാപനമായ ഫിസിക്സ് വല്ലാ 2500 പുതിയ ആളുകളെ ചേര്‍ക്കുമെന്ന് പറഞ്ഞു.

ഏറ്റെടുക്കലും കാരണം

2022 ഡിസംബറില്‍, അപ്ഗ്രാഡ് 70 പേരെ പിരിച്ചുവിട്ടു. എന്നാല്‍ 2023 മാര്‍ച്ചോടെ മൊത്തം ജീവനക്കാരുടെ എണ്ണം 1400 ല്‍ നിന്ന് 9100 ആയി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. തങ്ങളുടെ തൊഴിലാളികളില്‍ പകുതിയോളം പേരും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് അപ്ഗ്രാഡ് സഹസ്ഥാപകനായ മായങ്ക് കുമാര്‍ പറഞ്ഞു. അതേസമയം 2020 നും 2022 നും ഇടയില്‍ ഏകദേശം 13 കമ്പനികളെ അപ്ഗ്രാഡ് ഏറ്റെടുത്തു. ഇക്കാരണത്താല്‍ ചില ജോലികളില്‍ പിരിച്ചുവിടലുകള്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

വേണ്ടത് വിദഗ്ധരെ

പുതിയ കാലത്തെ കമ്പനികള്‍ ജോലിയില്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള, വിദഗ്ധരായ, കഴിവുറ്റ ആളുകളെയാണ് തിരയുന്നതെന്ന് മികച്ച 60 സ്റ്റാര്‍ട്ടപ്പുകളില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസസ് സിഇഒയും എംഡിയുമായ ആദിത്യ മിശ്ര പറഞ്ഞു. ഗൂഗള്‍, ഐബിഎം, ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റാ, ട്വിറ്റര്‍ തുടങ്ങി വിവിധ കമ്പനികള്‍ അടുത്തിടെ നിരവധി പേരെ പിരിച്ചുവിട്ടിരുന്നു.

Tags:    

Similar News