82,000 കോടി മൂല്യവുമായി ഓല ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ഐ.പി.ഒയ്ക്ക്

നടപ്പുവര്‍ഷം അവസാനപാദത്തില്‍ ഐ.പി.ഒ നടത്തിയേക്കും

Update:2023-05-26 16:09 IST

Image : OLA Electric website and Canva

വൈദ്യുത സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് (OLA Electric) പ്രാരംഭ ഓഹരി വില്പനയ്‌ക്കൊരുങ്ങുന്നു (ഐ.പി.ഒ). നടപ്പുവര്‍ഷം (2022-23) അവസാനപാദത്തില്‍ ഐ.പി.ഒ സംഘടിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതുവഴി 6,560 കോടി മുതല്‍ 8,200 കോടി രൂപവരെ സമാഹരണമാണ് കമ്പനി ഉന്നമിടുന്നത്. കമ്പനിക്ക് മൊത്തം 82,000 കോടി രൂപ അടിസ്ഥാനമൂല്യം (Valuation) വിലയിരുത്തിയായിരിക്കും ഐ.പി.ഒ.

ആദ്യ 'ഇലക്ട്രിക്' ഐ.പി.ഒ
ഐ.പി.ഒ വഴി ഓഹരി വിപണിയിലേക്ക് ചുവടുവച്ചാല്‍ ഓലയെ കാത്തിരിക്കുന്നത്, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളെന്ന നേട്ടമാണ്.
82,000 കോടി രൂപയെന്ന വാല്യൂവേഷന്‍ ഉറപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചാല്‍ ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയ്ക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ ടൂവീലര്‍ കമ്പനിയെന്ന പട്ടവും ഓലയ്ക്ക് സ്വന്തമാകും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമസ്ഥൃകമ്പനിയാണ് ഐഷര്‍ മോട്ടോഴ്‌സ്.
വമ്പന്‍ ഐ.പി.ഒ
ഓലയുടെ ഐ.പി.ഒ നടപ്പുവര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പനയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഐ.പി.ഒയുടെ നടപടിക്രമങ്ങള്‍ക്കായി ലീഡ് മാനേജര്‍മാരായി കമ്പനി ഗോള്‍ഡ്മാന്‍ സാച്‌സ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ആക്‌സിസ് കാപ്പിറ്റല്‍, സിറ്റി, കോട്ടക് സെക്യൂരിറ്റീസ് എന്നിവയെ നിയോഗിച്ചിട്ടുണ്ട്.  ഐ.പി.ഒയില്‍ പുതിയ (Fresh) ഓഹരികളും നിലവിലെ പ്രമോട്ടര്‍മാര്‍ വില്‍ക്കുന്ന ഓഹരികളും (OFS/Offer for sale) ഉണ്ടാകും.
കഴിഞ്ഞപാദത്തില്‍ ഓല 61,070 ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റഴിച്ച് 28 ശതമാനം വിഹിതവുമായി ഇന്ത്യന്‍ ഇലക്ട്രിക്ക് ടൂവീലർ വിപണിയില്‍ ഒന്നാംസ്ഥാനത്താണ്. 17 ശതമാനം വിഹിതവുമായി ടി.വി.എസ് മോട്ടോറാണ് രണ്ടാമത്.
Tags:    

Similar News