ഒമാന്‍ എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു

ഒക്‌റ്റോബര്‍ ഒന്നു മുതല്‍ ആഴ്ചയില്‍ നാലു ദിവസം സര്‍വീസ്, ബോയിങ് 737 വിമാനമാണ് ഉപയോഗിക്കുന്നത്

Update:2023-09-30 12:30 IST

Image Courtesy :omanair.com/

ഒക്‌റ്റോബര്‍ ഒന്നു മുതല്‍ ഒമാന്‍ എയര്‍ തിരുവനന്തപുരം മസ്‌കറ്റ് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. 162 യാത്രക്കാര്‍ക്കുള്ള ബോയിങ് 737 വിമാനമാണ് സേവനത്തിന് ഉപയോഗിക്കുന്നത്.

ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8.45നും ശനി ഉച്ചക്ക് 3.30നും വ്യാഴം വൈകിട്ട് 4.10നും തിരുവനന്തപുരത്തു നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടും. യാത്ര സമയം 3 മണിക്കൂര്‍ 45 മിനിറ്റ്.
മസ്‌കറ്റില്‍ നിന്ന് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 2.20നും വ്യാഴം രാവിലെ 8.30നും ശനി രാവിലെ 9.10നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. യാത്ര സമയം 3 മണിക്കൂര്‍ 55 മിനിറ്റ്. ഇക്കോണമി ക്ലാസ് ശരാശരി നിരക്ക് 20,274 രൂപ, ബിസിനസ് ക്ലാസ് 67,800 രൂപ.

മാര്‍ച്ച് വരെ കിഴിവ്

2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഒമാന്‍ എയര്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ ഇക്കോണമി ക്ലാസില്‍ 20%, ബിസിനസ് ക്ലാസില്‍ 15% എന്നിങ്ങനെ കിഴിവ് നല്‍കുന്നുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ ലക്നൗ- മസ്‌കറ്റ് റൂട്ടിലും  ഒമാന്‍ എയര്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നുണ്ട്.
നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം-മസ്‌കറ്റ് റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇക്കോണമി ക്ലാസിനു 7,000 രൂപ മുതലാണ് നിരക്ക്.
Tags:    

Similar News