സാമ്പത്തികമാന്ദ്യം വിവിധ മേഖലകളെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും ബാധ്യതയാകുന്നത് വായ്പകളാണ്. സാധാരണഗതിയില്‍ ഒരു വ്യക്തിയെടുക്കുന്ന ഏറ്റവും വലിയ വായ്പ ഭവനവായ്പ തന്നെയാണ്. 15-25 വര്‍ഷം വരെ നീളുന്ന വായ്പാതിരിച്ചടവ് കാലാവധിയും. സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെടുന്ന അവസ്ഥയില്‍ ഭവനവായ്പയുടെ മാസവരിയിലുണ്ടാകുന്ന ചെറിയ കുറവുപോലും വലിയ ആശ്വാസമായിരിക്കും നിങ്ങള്‍ക്ക് തരുന്നത്. അതിനുള്ള ചില വഴികള്‍.
1. ബാങ്ക് മാറാം
വിവിധ ബാങ്കുകളുടെ ഭവനവായ്പ പലിശനിരക്ക് വ്യത്യസ്തമാണല്ലോ. കൂടിയ പലിശനിരക്കുള്ള ബാങ്കില്‍ നിന്നാണ് ഭവനവായ്പയെടുത്തതെങ്കില്‍ കുറവുള്ളിടത്തേക്ക് മാറാനുള്ള അവസരമുണ്ട്. ഇത് കണ്ടെത്താനായി ഇടക്കിടെ വിവിധ ബാങ്കുകളുടെ ഭവനവായ്പയുടെ പലിശനിരക്കുകള്‍ പരിശോധിച്ച് താരതമ്യം നടത്തിക്കൊണ്ടിരിക്കുക. പലിശയിലെ ചെറിയൊരു കുറവുപോലും നിങ്ങളുടെ തിരിച്ചടവില്‍ വലിയ മാറ്റമുണ്ടാക്കും. ഓണ്‍ലൈനില്‍ നിരക്കുകള്‍ ലഭ്യമാണ്. ബാങ്ക് മാറാനായി നിലവിലുള്ള ബാങ്കില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. പുതിയ ബാങ്ക് പ്രോസസിംഗ് ഫീ വാങ്ങാറുണ്ട്. അത് എത്രയാണെന്ന് അന്വേഷിക്കുക.
2. സ്വിച്ച് ചെയ്യാം
നിങ്ങളുടെ ഭവനവായ്പയുടെ പലിശനിരക്ക് കുറയ്ക്കാന്‍ വായ്പ MCLR (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് - ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്)ലേക്ക് സ്വിച്ച് ചെയ്യുന്നത് നല്ലൊരു ഓപ്ഷനാണ്. പക്ഷെ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ അടിക്കടി കുറയ്ക്കുന്ന സാഹചര്യത്തില്‍ റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പകളായിരിക്കും മെച്ചം. MCLRഉം റിപ്പോ റേറ്റ് ലിങ്ക്ഡ് വായ്പകളും തമ്മിലുള്ള പലിശനിരക്കിന്റെ വ്യത്യാസം കണ്ടെത്തി കൂടുതല്‍ മെച്ചപ്പെട്ടത് തെരഞ്ഞെടുക്കുക.
3. വിലപേശാം
ബാങ്കുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ പലിശനിരക്കിന്റെ കാര്യത്തില്‍ വിലപേശല്‍ നടത്താം. ചില ബാങ്കുകള്‍ അതിന് അനുവദിക്കുന്നുണ്ട്.
4. കാലാവധി കൂട്ടാം
ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വെച്ച് ഇഎംഐ അടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഭവനവായ്പയുടെ കാലാവധി കൂട്ടാന്‍ ബാങ്കിനോട് ആവശ്യപ്പെടാം. അതായത് 15 വര്‍ഷത്തെ വായ്പ 20 വര്‍ഷത്തേക്ക് ആക്കിയാല്‍ ഇഎംഐ കുറയും.
5. കൃത്യമായ റീപേയ്‌മെന്റ് ഭാരം കുറയ്ക്കും
ബോണസായോ ശമ്പളവര്‍ദ്ധനവായോ ഒക്കെ കുറച്ചുതുക ഒന്നിച്ചുകൈവശം വരുന്ന സാഹചര്യത്തില്‍ അത് ഭവനവായ്പയിലേക്ക് അടക്കാന്‍ സാധിച്ചാല്‍ വായ്പയ്ക്ക് നല്‍കേണ്ട മൊത്തത്തിലുള്ള പലിശ കുറയാന്‍ അത് ഇടയാക്കും. ഇതുവഴി വായ്പയുടെ കാലാവധി കുറയ്ക്കുകയോ ഇഎംഐ കുറയ്ക്കുകയോ ചെയ്യാം.