കോവിഡ് മൂലം പ്രതിസന്ധിയിലായ നിര്‍മാണ മേഖലയ്ക്കായുള്ള ആശ്വാസ പദ്ധതി റെറ ദിനമായ മെയ് ഒന്നിന് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രസംഗം നടത്തവേ കേന്ദ്ര ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര ആണ് ഇക്കാര്യം അറിയിച്ചത്.
റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററ അതോറിട്ടി) ദിനത്തിനു മുന്നോടിയായാണ് നിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഫിക്കി വെബിനാര്‍ സംഘടിപ്പിച്ചത്. ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ പുനരാരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പാക്കേജും ആര്‍.ബി.ഐയുടെ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കേരളത്തില്‍ എത്രയും വേഗത്തില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ ബില്‍ഡര്‍മാര്‍ മുന്നോട്ടുവരണമെന്നും ദുര്‍ഗാ ശങ്കര്‍ മിശ്ര അഭ്യര്‍ഥിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കായി ആര്‍ ബി ഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പാ സൗകര്യങ്ങളും വേഗത്തില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും് ദുര്‍ഗാ ശങ്കര്‍ മിശ്ര അറിയിച്ചു.നിര്‍മാണ മേഖലക്ക് നിര്‍മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം നടപടികള്‍ ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ ബിജു പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രോജക്ടുകളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കുമെന്ന് റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ അറിയിച്ചു. നിലവില്‍ നിര്‍മാണം നടക്കുന്ന പ്രോജക്ടുകളുടെ ഫീസ് പെനാല്‍റ്റി കൂടാതെ അടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കും. മുഴുവന്‍ ബില്‍ഡര്‍മാരും റെറയില്‍ പ്രോജക്ടുകള്‍ രജിസ്റ്റര്‍ ചെയ്യണം. എങ്കില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ റെറയ്ക്ക് ഇടപെടാന്‍ കഴിയൂ - കുര്യന്‍ ചൂണ്ടിക്കാട്ടി.
പുറംരാജ്യങ്ങളിലുള്ളവരുമായി റിയല്‍ എസ്റ്റേറ്റ് കരാറുകള്‍ ഒപ്പിടുമ്പോള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് സൗകര്യം അനുവദിക്കുക, കേരളത്തില്‍ ബില്‍ഡര്‍മാരില്‍ നിന്നും നിലവില്‍ ഈടാക്കിവരുന്ന 10 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുക, രാജ്യത്താകെ ഏകീകൃത തൊഴില്‍ നിയമം നടപ്പിലാക്കുക, രണ്ടു വര്‍ഷത്തേക്ക് ജി എസ് ടി ഇളവ് അനുവദിക്കുക, കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ആവശ്യാനുസൃതമായ ഇളവുകള്‍ നല്‍കുക, അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നല്‍കി പണികള്‍ തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, റെറയുടെ ഫീസ് ഘടനയിലും പണമടവിന്റെ രീതിയിലും സമയപരിധിയിലും മാറ്റം വരുത്തുക തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ വെബിനാറില്‍ ഉയര്‍ന്നു. ഇവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് കെ ബിജുവും പി എച്ച് കുര്യനും ഉറപ്പു നല്‍കി.
എസ് ഐ പ്രോപ്പര്‍ട്ടി എം.ഡി രഘുചന്ദ്രന്‍ നായര്‍ മോഡറേറ്ററായിരുന്ന വെബിനാറില്‍ ഫിക്കി നാഷണല്‍ റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് ചെയര്‍മാന്‍ രാജ് മെന്‍ഡ, ക്രെഡായ് കേരള ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍, അസെറ്റ് ഹോസ് എം.ഡി വി സുനില്‍കുമാര്‍, അബാദ് ബില്‍ഡേഴ്‌സ് എം.ഡി നജീബ് സക്കറിയ, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline