റിലയന്‍സ് ജിയോ 5ജി ജനുവരിയില്‍ : ഈ 9 നഗരങ്ങളില്‍ ആദ്യം എത്തിയേക്കും
വോഡാഫോണ്‍ ഐഡിയ നേടിയ സ്‌പെക്ട്രം 5ജി സേവനങ്ങള്‍ നല്‍കാന്‍ അപര്യാപ്തമാണെന്നും മേഖലയില്‍ ജിയോയും എയര്‍ടെല്ലും മാത്രമുള്ള ഡ്യുവോപൊളി രൂപപ്പെടുമെന്നും ആണ് വിലയിരുത്തല്‍
2023 ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ 5ജി സേവനം ആരംഭിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ജാമ്‌നഗര്‍, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലായിരിക്കും ജിയോ 5ജി ആദ്യം എത്തുക. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ജിയോ നല്‍കിയിട്ടില്ല. 88,078 കോടി രൂപ മുടക്കി 24,740 MHz സ്‌പെക്ട്രമാണ് 5ജി ലേലത്തില്‍ ജിയോ സ്വന്തമാക്കിയത്. ആകെ ലഭിച്ച 150,173 കോടിയുടെ ബിഡുകളില്‍ 58.65 ശതമാനവും ജിയോയില്‍ നിന്നായിരുന്നു.
ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവര്‍ ആദ്യ ഘട്ടത്തില്‍ 5-7 നഗരങ്ങളില്‍ സേവനം ആരംഭിക്കുമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ ആകെ ടവറുകളുടെ 10 ശതമാനത്തിലെങ്കിലും 5ജി കവറേജ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ, എറിക്‌സണ്‍ എന്നീ കമ്പനികള്‍ക്ക് ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയുണ്ട്. നിലവില്‍ 5ജി ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 100 മില്യണോളം ആണ്.
വോഡാഫോണ്‍ ഐഡിയ നേടിയ സ്‌പെക്ട്രം 5ജി സേവനങ്ങള്‍ നല്‍കാന്‍ അപര്യാപ്തമാണെന്നും മേഖലയില്‍ ജിയോയും എയര്‍ടെല്ലും മാത്രമുള്ള ഡ്യുവോപൊളി രൂപപ്പെടുമെന്നും ആണ് വിലയിരുത്തല്‍. എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും യഥാക്രമം 19,868 MHz , 6,228 MHz സ്‌പെക്ട്രങ്ങളാണ് നേടിയത്. ഇന്‍ഡസ്ട്രിയല്‍ 5ജി രംഗത്തേക്ക് പ്രവേശിക്കുന്ന അദാനി ക്ലൗഡ് ഓപറേഷന്‍സ്, എഐ ഇന്നൊവേഷന്‍ ലാബ്‌സ്, സൈബര്‍ സെക്യൂരിറ്റി, സൂപ്പര്‍ ആപ്പ് ഡെവലപ്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായിരിക്കും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക. 400 MHz സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പ 5ജി ലേലത്തിലൂടെ നേടിയത്.