ജിയോയ്ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 1.9 കോടി വരിക്കാര്‍
എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം കൂടി, വോഡഫോണ്‍ ഐഡിയയ്ക്കും നഷ്ടം
പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്. ടെലകോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(TRAI)യുടെ കണക്കനുസരിച്ച് സെപ്തംബര്‍ മാസത്തില്‍ റിലയന്‍സ് ജിയോയ്ക്ക് നഷ്ടമായത് 1.9 കോടി വരിക്കാര്‍. അതേസമയം ഭാരതി എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം സെപ്തംബറില്‍ 2.74 ലക്ഷം കൂടി. വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 10.8 ലക്ഷം കുറഞ്ഞിട്ടുമുണ്ട്.
വയര്‍ലെസ് വരിക്കാരുടെ എണ്ണത്തില്‍ എയര്‍ ടെല്‍ 0.08 ശതമാനം വിപണി പങ്കാളിത്തം വര്‍ധിപ്പിച്ചു. എന്നാല്‍ ജിയോയുടെ വിപണി പങ്കാളിത്തത്തില്‍ 4.29 ശതമാനം ഇടിവുണ്ടായി. ട്രായ് യുടെ കണക്കനുസരിച്ച് ആകെ വരിക്കാരുടെ എണ്ണം ഓഗസ്റ്റിലെ 1186.72 ദശലക്ഷത്തില്‍ നിന്ന് സെപ്തംബറില്‍ 1166.02 എണ്ണമായി കുറഞ്ഞു. 1.74 ശതമാനത്തിന്റെ ഇടിവ്.
എന്നാല്‍ ട്രായ് പുറത്തു വിട്ട കണക്കുപ്രകാരം റിലയന്‍സ് ജിയോ ആണ് രാജ്യത്ത് ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഡൗണ്‍ലോഡിംഗില്‍ 20.9 എംബിപിഎസ് വേഗതയാണ് 4ജി നെറ്റ്‌വര്‍ക്കില്‍ ജിയോ നല്‍കിയത്. രണ്ടാമത് 14.4 എംബിപിഎസ് വേഗതയുമായി വോഡഫോണ്‍ ഐഡിയയും മൂന്നാമത് 11.9 എംബിപിഎസ് വേഗതയുമായി എയര്‍ടെല്ലുമാണ്. അപ്‌ലോഡ് വേഗതയുടെ കാര്യത്തില്‍ വോഡഫോണ്‍ ഐഡിയ 7.2 എംബിപിഎസ് വേഗതയുമായി മുന്നിലെത്തി. റിലയന്‍സ് ജിയോ (6.2 എംബിപിഎസ്) , ഭാരതി എയര്‍ടെല്‍ (4.5 എംബിപിഎസ്) എന്നിവ തൊട്ടുപിന്നില്‍.