ഫോക്സ്‌കോണിന്റെ ഐഫോണ്‍ നിര്‍മാണശാലയ്ക്ക് കര്‍ണാടകയുടെ പച്ചക്കൊടി

ഈ പദ്ധതിയിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും

Update:2023-03-22 10:07 IST

 image: @file

ഐഫോണ്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികളിലൊന്നായ ഫോക്സ്‌കോണ്‍ ഹോന്‍ ഹായ് ടെക്നോളജി ഇന്ത്യ മെഗാ ഡെവലപ്മെന്റിന്റെ (എഫ്എച്ച്എച്ച്) പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കി.

വരാനിരിക്കുന്നത് വന്‍ നിക്ഷേപം

കര്‍ണാടക സര്‍ക്കാരിന്റെ സ്റ്റേറ്റ് ഹൈ ലെവല്‍ ക്ലിയറന്‍സ് കമ്മിറ്റിയുടെ (എസ്എച്ച്എല്‍സിസി) 61-ാമത് യോഗത്തിലാണ് ഫോക്സ്‌കോണിന്റെ പദ്ധതിക്ക് അനുമതി ലഭിച്ചത്. മൊത്തം 75,393.57 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ആശയക്കുഴപ്പങ്ങള്‍ക്ക് ഒടുവില്‍

ഇലക്ട്രോണിക്സ് നിര്‍മ്മിക്കുന്നതിനായി തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി ഫോക്സ്‌കോണ്‍ നിക്ഷേപം നടത്തുമെന്ന് ഇരുസര്‍ക്കാരുകളും ഒരേസമയം അവകാശപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതിയെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് ഇരുസംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ആശയക്കുഴപ്പം നീക്കിയതിന് ശേഷമാണ് പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് കമ്പനി അറിയിച്ചത്.

ഇന്ത്യയിലേക്ക്

നിലവില്‍ കമ്പനിയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 65 ശതമാനവും ചൈനയിലാണ്. യുഎസും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന നയതന്ത്ര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് കമ്പനികളില്‍ പലതും ചൈനയില്‍ നിന്നും പിന്‍വാങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ഫോക്സ്‌കോണും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് തങ്ങളുടെ വ്യവസായം വ്യാപിപ്പിക്കുന്നത്.

Tags:    

Similar News