ചെലവ് കൂടി, വില്‍പന ഇടിഞ്ഞു; ചെറുകിട സംരംഭങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞു
ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ അനിശ്ചിതത്വങ്ങളാണ് ഇതിന് കാരണമായതെന്ന് സര്‍വേ പറയുന്നു
പോയ വര്‍ഷത്തില്‍ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞതായി വ്യവസായ സംഘടനയായ എഎസ്എസ്ഒസിഎച്ച്എഎമ്മും (ASSOCHAM) ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റും (ഡി ആന്‍ഡ് ബി) നടത്തിയ സര്‍വേയില്‍ കണ്ടെത്തി. വില്‍പന കുറഞ്ഞതും, വര്‍ധിച്ചുവരുന്ന ചെലവ് സമ്മര്‍ദ്ദവും, കയറ്റുമതി ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാമാണ് ഇതിന് കാരണമെന്ന് സര്‍വേ ചൂണ്ടിക്കാട്ടി.
ആഗോള അനിശ്ചിതത്വങ്ങള്‍
2022 രണ്ടാം പാദത്തിലെ ഉയര്‍ന്ന ആത്മവിശ്വാസ നിലവാരമായ 87 പോയിന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുകിട ബിസിനസുകളുടെ ശുഭാപ്തിവിശ്വാസം 2023 ഒന്നാം പാദത്തില്‍ 71 പോയിന്റായി കറഞ്ഞെന്ന് ഡി & ബി സ്‌മോള്‍ ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ് സര്‍വേ കാണിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ അനിശ്ചിതത്വങ്ങളാണ് ഇതിന് കാരണമായതെന്ന് സര്‍വേ പറയുന്നു.
ആത്മവിശ്വാസം കുറഞ്ഞു
ചെറുകിട കയറ്റുമതിക്കാര്‍ക്കും ആത്മവിശ്വാസം കുറഞ്ഞു വരികയാണ്. പുതിയ കയറ്റുമതി ഓര്‍ഡറുകളുടെ വര്‍ധനയില്‍ 2022 രണ്ടാം പാദത്തിലെ 86 ശതമാനത്തെ അപേക്ഷിച്ച് 2023 ലെ ഒന്നാം പാദത്തില്‍ ഇത് 48 ശതമാനം മാത്രമാണ്. ആഭ്യന്തര ബിസിനസുകളുടെ വില്‍പ്പന വര്‍ധനവ് 2022 രണ്ടാം പാദത്തിലെ 75 ശതമാനത്തില്‍ നിന്ന് 2023 ലെ ഒന്നാം പാദത്തില്‍ 67 ശതമാനമായി.
ചെലവ് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു
ചെലവിലെ വര്‍ധനയും ഡിമാന്‍ഡ് കുറയുന്നതും ചെറുകിട ബിസിനസുകളുടെ ചെലവ് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അവരുടെ നിക്ഷേപ ശേഷിയെയും വളര്‍ച്ചയെയും ബാധിക്കുന്നുവെന്നും സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേര്‍ മാത്രമാണ് 2023 ഒന്നാം പാദത്തില്‍ പുതിയ നിക്ഷേപം നടത്തിയത്. 2022 രണ്ടാം പാദത്തില്‍ ഇത് 77 ശതമാനമായിരുന്നു.