ടിസിഎസില്‍ വമ്പന്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കാനുദ്ദേശിക്കുന്നില്ലെന്ന് പുതിയ മേധാവി
വിപണിയിലെ ഓരോ മാറ്റവും പുതിയ അവസരങ്ങളാണെന്നാണ് വിശ്വസിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) സംഘടനാപരമായോ തന്ത്രപരമായോ 'വമ്പന്‍' മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് സ്ഥാപനത്തിന്റെ പുതിയ സിഇഒ ആയി നിയമിതനായ കെ. കൃതിവാസന്‍ പറഞ്ഞു. ടിസിഎസ് സിഇഒ സ്ഥാനത്ത് നിന്നും രാജേഷ് ഗോപിനാഥന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ മേധാവിയായി കെ. കൃതിവാസന്‍ നിയമിതനായത്. ഏപ്രില്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ജീവനക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
ടിസിഎസിന് ഒരു വിശ്വാസമുണ്ട്, ചില മൂല്യങ്ങളുണ്ട് അവ തുടരുമെന്ന് കെ. കൃതിവാസന്‍ പറഞ്ഞു. അതേസമയം വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ചില തന്ത്രങ്ങളും മുന്‍ഗണനകളും പുനഃക്രമീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിസിഎസ് ജീവനക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് തങ്ങളുടെ വളര്‍ച്ചയെ നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സമയം
സാങ്കേതികവിദ്യാ മേഖല വിവിധ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ പുതിയ സിഇഒ ആയി കെ. കൃതിവാസന്‍ നിയമിതനാകുന്നത്. വിപണിയിലെ ഓരോ മാറ്റവും പുതിയ അവസരങ്ങളാണെന്നാണ് വിശ്വസിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ ലഭ്യമായ എല്ലാ ഡിജിറ്റല്‍ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തണം.
കൂടാതെ ഉപഭോക്താക്കളെ പരിവര്‍ത്തനം ചെയ്യുന്നതിലും സാങ്കേതികവിദ്യയെ അവരുടെ ബിസിനസുകളിലേക്ക് കൊണ്ടുവരുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള പോക്കിലും അടിസ്ഥാന തത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. മറികടക്കാനാകാത്ത വെല്ലുവിളികളൊന്നും കമ്പനിക്ക് മുന്നില്‍ കാണുന്നില്ലെന്നും കെ. കൃതിവാസന്‍ കൂട്ടിച്ചേര്‍ത്തു.