1500 കോടിയുടെ ഐടി ഹബ് അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ടിസിഎസ്
ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ തന്നെ 5,000 പേര്‍ക്കു ജോലി ലഭിക്കും.
ടെക്‌നോസിറ്റിയില്‍ 1,500 കോടി രൂപ മുതല്‍ മുടക്കില്‍ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടിസിഎസ്) നിര്‍മിക്കാനൊരുങ്ങുന്ന ഐടി ഹബ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നു ടിസിഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ എന്‍.ജി.സുബ്രഹ്‌മണ്യം.
ഐടി ഹബ് പദ്ധതി ആരിഭിക്കാനുള്ള ധാരണാപത്രം ടെക്‌നോപാര്‍ക്ക് സിഇഒ പി.എം.ശശിയും ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേഷ് തമ്പിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഐടി സെക്രട്ടറി മുഹമ്മദ് വൈ.സഫിറുല്ല എന്നിവരും പങ്കെടുത്തു.
ആദ്യഘട്ടം 22-28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍ വ്യോമയാന സെക്രട്ടറിയും ടിസിഎസ് ഉപദേശകനുമായ എം.മാധവന്‍ നമ്പ്യാരുടെ ഇടപെടല്‍ കൊണ്ടാണ് പദ്ധതി കാലതാമസമില്ലാതെ ആരംഭിക്കുന്നതെന്ന് സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി.
ടെക്‌നോപാര്‍ക്കിന്റെ 4-ാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ ഒരുങ്ങുന്ന ഹബ്ബില്‍ ആദ്യ ഘട്ടം തന്നെ അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 20,000 പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നാണു കരുതുന്നത്.