ഫ്ലിപ്കാര്‍ട്ടിലെ 2,060 കോടിയുടെ ഓഹരികള്‍ പബ്ജി നിര്‍മാതാക്കള്‍ക്ക് വിറ്റ് ബിന്നി ബന്‍സാല്‍
ടെന്‍സന്റിന്റെ യൂറോപ്യന്‍ സഹസ്ഥാപനം ടെന്‍സന്റ് ക്ലൗഡ് യൂറോപ് ബിവിയുമായാണ് ബിന്നിയുടെ ഇടപാട്
ഫ്ലിപ്കാര്‍ട്ടിലെ (Flipkart) 0.72 ശതമാനം ഓഹരികള്‍ ചൈനീസ് കമ്പനിക്ക് വിറ്റ് സഹസ്ഥാപകനും മുന്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായ ബിന്നി ബന്‍സാല്‍ (Binny Bansal). 264 മില്യണ്‍ ഡോളറിനാണ് ( 2,060 കോടി രൂപ) ടെക്ക് കമ്പനി ടെന്‍സെന്റ് (tencent) ഓഹരികള്‍ വാങ്ങിയത്. ടെന്‍സന്റിന്റെ യൂറോപ്യന്‍ സഹസ്ഥാപനം ടെന്‍സന്റ് ക്ലൗഡ് യൂറോപ് ബിവിയുമായാണ് ബിന്നിയുടെ ഇടപാട്.
2021 ഒക്ടോബര്‍ 26ന് പൂര്‍ത്തിയാക്കിയ ഇടപാടിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്ത് വിടുന്നത്. അതേ സമയം ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യം തന്നെ ഫ്‌ലിപ്കാര്‍ട്ട് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പബ്ജി മൊബൈല്‍ ഗെയിം ടെന്‍സന്റെയാണ്. കൂടാതെ സോഷ്യല്‍ മീഡിയ ആപ്പ് ഷെയര്‍ ചാറ്റ് ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ കമ്പനികളിലും ടെന്‍സന്റ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്
2021 ജൂലൈയില്‍ നടന്ന ഫണ്ടിംഗില്‍ 3.6 ബില്യണ്‍ ഡോളര്‍ ഫ്‌ലിപ്കാര്‍ട്ട് സമാഹരിച്ചിരുന്നു. അന്നത്തെ കണക്ക് അനുസരിച്ച് 37.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഫ്‌ലിപ്കാര്‍ട്ടിന്റെ മൂല്യം.അതേ സമയം ബിന്നിയുടെ ഓഹരി വില്‍പ്പനയെക്കുറിച്ച് ഫ്‌ലിപ്രകാര്‍ട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഏകദേശം 1.84 ശതമാനം ഓഹരികളാണ് ബിന്നിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ ഉള്ളത്.