2021ല്‍ തുടക്കം ഗംഭീരമാക്കി ടി.വി.എസ്

ജനുവരിയില്‍ കമ്പനിയുടെ മൊത്തം കയറ്റുമതി 43 ശതമാനം ഉയര്‍ന്ന് 100,926 യൂണിറ്റായി

Update:2021-02-02 14:31 IST

ഇരുചക്രവാഹന വിപണിയിലെ വമ്പന്മാരായ ടി.വി.എസ് 2021 ന്റെ തുടക്കം ഗംഭീരമാക്കി മുന്നേറുന്നു. ജനുവരിയില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ 34 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. 2020 ജനുവരിയിലെ 220,439 യൂണിറ്റില്‍നിന്ന് 294,596 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്.

ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 26 ശതമാനം ഉയര്‍ന്ന് 205,216 യൂണിറ്റായി. 2020 ജനുവരിയില്‍ ഇത് 63,007 യൂണിറ്റായിരുന്നു.
മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 45 ശതമാനം വര്‍ധിച്ച് 136,790 യൂണിറ്റായി. 2020 ജനുവരിയിലെ 94,367 യൂണിറ്റില്‍നിന്നാണ് ഈ വര്‍ധന. സ്‌കൂട്ടര്‍ വില്‍പ്പന 36 ശതമാനം വര്‍ധിച്ച് 98,319 യൂണിറ്റായി. 2020 ജനുവരിയില്‍ 72,383 യൂണിറ്റായിരുന്നു.
അതേസമയം കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന 31 ശതമാനം വര്‍ധിച്ച് 3,07,149 യൂണിറ്റായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 2,34,920 യൂണിറ്റായിരുന്നു. 2020 ജനുവരിയിലെ 70,784 യൂണിറ്റിനേക്കാള്‍ കമ്പനിയുടെ മൊത്തം കയറ്റുമതി 43 ശതമാനം ഉയര്‍ന്ന് 100,926 യൂണിറ്റായി. ഇരുചക്രവാഹന കയറ്റുമതി 56 ശതമാനം വളര്‍ച്ച നേടി. 89,380 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞമാസം കയറ്റുമതി ചെയ്തത്. 2020 ജനുവരിയില്‍ ഇത് 57,432 യൂണിറ്റായിരുന്നു.
എന്നാല്‍ ത്രീ-വീലര്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. 12,553 യൂണിറ്റുകളാണ് ഈ വര്‍ഷം വിറ്റഴിച്ചത്. 2020 ജനുവരിയില്‍ ഇത് 14,481 യൂണിറ്റായിരുന്നു.


Tags:    

Similar News