കിട്ടിയത് എട്ടിന്റെ പണി; പിന്നാലെ നിരക്കുകള്‍ കുറച്ച് ഒലയും ഊബറും

ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓട്ടോ, ബൈക്ക് സര്‍വീസുകള്‍ നിരോധിച്ച് കര്‍ണാടക. സ്വന്തം ആപ്പുമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍

Update: 2022-10-08 07:30 GMT

Photo : Uber / Website

ഒല, ഊബര്‍,റാപിഡോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓട്ടോ, ബൈക്ക് സര്‍വീസുകള്‍ നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. വെളളിയാഴ്ചയാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍വീസുകള്‍ അവസാനിപ്പിക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ബംഗളൂരൂ നഗരത്തില്‍ ഊബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ഓട്ടോകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. രണ്ട് കിലോമീറ്ററിന് മിനിമം ചാര്‍ജ് 30 രൂപ ആയിരിക്കെ ആപ്പുകള്‍ 100 രൂപവരെ ഈടാക്കുന്നു എന്നാണ് പരാതി. അതില്‍ 40 രൂപയും ആപ്പുകളുടെ കമ്മീഷനാണെന്നാണ് റിപ്പോര്‍ട്ട്. നിരോധനം വന്നതിന് പിന്നാലെ ഒലയും ഊബറും നിരക്ക് 30 രൂപയായി കുറച്ചു.

ഓണ്‍ ഡിമാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആക്ട് 2016 അനുസരിച്ചാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമത്തില്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടില്ലെന്നും കാറുകളെ മാത്രമാണ് ടാക്‌സിയായി പരിഗണിക്കുകയെന്നും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. അതേ സമയം ബംഗളൂരുവിലെ ഓട്ടോറിക്ഷാ യൂണിയന്‍ നമ്മ യാത്രി എന്ന പേരില്‍ സ്വന്തമായി ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബര്‍ ഒന്നിന് ആയിരിക്കും ഈ ആപ്പ് പ്രവര്‍ത്തനം തുടങ്ങുക. പിക്കപ്പ് ചാര്‍ജ് ഉള്‍പ്പെട 40 രൂപയാണ് രണ്ട് കിലോമീറ്ററിന് നമ്മ യാത്രി ഈടാക്കുക.

Tags:    

Similar News