പുതിയ ഏറ്റെടുക്കലുമായി വേദാന്ത ലിമിറ്റഡ്, ഇത്തവണ കടക്കെണിയിലായ ഈ കമ്പനിയെ
564.67 കോടി രൂപയ്ക്കാണ് പവര്‍ കമ്പനിയെ വേദാന്ത ലിമിറ്റഡ് സ്വന്തമാക്കുന്നത്
കടക്കെണിയിലായ കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി വേദാന്ത ലിമിറ്റഡ്. അഥീന ഛത്തീസ്ഗഡ് പവര്‍ ലിമിറ്റഡിനെ 564.67 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ മൈനിംഗ് കമ്പനിയായ വേദാന്ത ലിമിറ്റഡ് അറിയിച്ചു. 564.67 കോടിയുടെ പര്‍ച്ചേസ് വിലയ്ക്കുള്ള ഏറ്റെടുക്കല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
'അഥീന ഛത്തീസ്ഗഡ് പവര്‍ ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 100 ശതമാനം വേദാന്ത ലിമിറ്റഡ് ഏറ്റെടുക്കും,' വേദാന്ത ലിമിറ്റഡ് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. അഥീന ഛത്തീസ്ഗഡ് പവര്‍ ലിമിറ്റഡിന് ഛത്തീസ്ഗഡിലെ ഝന്‍ജ്ഗിര്‍ ചമ്പ ജില്ലയില്‍ 1,200 മെഗാവാട്ട് കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുണ്ട്.
ഇന്ന് 1.10 ശതമാനം ഇടിവോടെ 225.10 രൂപ എന്ന നിലയിലാണ് വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.