വിയറ്റ്‌നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിയറ്റ് ജെറ്റ് എയര്‍

ആഴ്ചയില്‍ നാലു സര്‍വീസുകള്‍, ഇന്ത്യയില്‍ ഈ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന നാലാമത്തെ നഗരം

Update: 2023-05-25 10:28 GMT

Image:vietjetair.com

വിയറ്റ്‌നാം എയര്‍ലൈനായ വിയറ്റ് ജെറ്റ് എയര്‍ (Vietjet Air) ആഗസ്റ്റ് 12 മുതല്‍ ഹോചിമിന്‍ സിറ്റിയില്‍നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസാരംഭിക്കുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. 

മികച്ച പ്രതികരണം

കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 11.30-ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.40-ന് ഹോചിമിന്‍ സിറ്റിയിലെത്തും. തിരിച്ച് ഹോചിമിന്‍ സിറ്റിയില്‍നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20-ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.50-ന് കൊച്ചിയിലെത്തും. ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ് കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ വിയറ്റ് ജെറ്റ് മുന്നോട്ടുവന്നിട്ടുള്ളത്.

സൗകര്യങ്ങളേറെ

ഫ്‌ളൈറ്റിനുള്ളില്‍ കോക്ക്‌ടെയില്‍ ബാര്‍, സ്വകാര്യ കാബിന്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് 60 കിലോ ബാഗേജ് കൊണ്ട് പോകാം, ഹാന്‍ഡ് ബാഗേജ് 18 കിലോ വരെ അനുവദിക്കും. നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ നിന്ന് വിയറ്റ് ജെറ്റ് എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ പറക്കുന്നതിന് എ 320 വിമാനമാണ് ഉപയോഗിക്കുന്നത്.

Tags:    

Similar News