വരുമാനത്തിന്റെ 5 % മാറ്റിവച്ചാല്‍ 95% ഇന്‍ഷുറന്‍സ് നേടുന്നതെങ്ങനെ? വിശദമായി അറിയാം

അധിക ബാധ്യതയാകാതെ ഇന്‍ഷുറന്‍സ് പോളിസികള്‍ സ്വന്തമാക്കാനാകുമോ? ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കമുള്ള വിവിധ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി വരുമാനത്തിന്റെ അഞ്ച് ശതമാനം മാറ്റി വച്ചാല്‍ മതി. എങ്ങനെയെന്നു നോക്കാം.

Update:2021-03-01 11:46 IST

അസുഖമോ അപകടമോ ജീവഹാനിയോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന സാഹചര്യത്തിലാണ് ഓരോരുത്തരും മുന്നോട്ടു പോകുന്നത്. സാമ്പത്തികമായ മെച്ചപ്പെട്ട രീതിയിലായവര്‍ക്ക് പോലും വലിയ കടബാധ്യതയുണ്ടാകാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അഭാവത്തില്‍ ഒരു വലിയ രോഗം പിടിപെട്ടാല്‍ മതി. അതുമല്ല മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന ഒരു കുടുംബത്തിലെ പ്രധാന വരുമാനം നേടുന്ന ആളിന്റെ വിയോഗം മതി തീരാദുരിതത്തിലേക്ക് ഒരു കുടുംബത്തെ മുഴുവന്‍ വീഴ്ത്താന്‍.

ഒരു വാഹനം വാങ്ങിയാലോ വിലപിടിപ്പുള്ള ഗാഡ്ജറ്റുകള്‍ വാങ്ങിയാലോ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ എന്തും സംഭവിക്കാവുന്ന സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സോ ടേം ഇന്‍ഷുറന്‍സോ കൃത്യമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം. വരുമാനത്തിന്റെ വെറും 5 ശതമാനമെങ്കിലും അതും പല തവണകളായി ചെലവഴിച്ചാല്‍ ആരോഗ്യ, അപകട, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാമെന്നതാണ് സത്യം. ഇതാ പലതരം റിസ്‌കുകളും നിങ്ങള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് ഇവിടെ പറയുന്നത് :
ഹെല്‍ത്ത് കവറേജ്
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 35000 ത്തിലേറെ അസുഖങ്ങളാണ് ഉള്ളത്. എന്നാല്‍ പലരും അസുഖങ്ങളെ മുന്നില്‍ കാണാതെ ഇന്‍ഷുര്‍ ചെയ്യാതെ ഇരിക്കുകയും ഒരു അസുഖം വരുമ്പോള്‍ മാത്രം ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിക്കുകയുമാണ് പതിവ്. അതിനാല്‍ തന്നെ അസുഖങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് എടുക്കാതെ ഇരിക്കുന്നത് മണ്ടത്തരം മാത്രമാണെന്നേ പറയാനാകൂ. അസുഖങ്ങള്‍ എപ്പോഴും ഏത് പ്രായക്കാര്‍ക്കും വരാമെന്നതിനാല്‍ കുടുംബത്തിന്റെ മുഴുവന്‍ ആരോഗ്യം ഇന്‍ഷുര്‍ ചെയ്യണം. സ്വാഭാവിക മരണം ചികിത്സാ ചെലവുകള്‍, സാമ്പത്തികനഷ്ടങ്ങള്‍, ബാധ്യതകള്‍ തുടര്‍ന്ന് രോഗം മൂലം വന്നേക്കാവുന്ന അനന്തര ഫലങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് വേണം പോളിസി എടുക്കാന്‍. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ 10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തി ഏകദേശം 5000 രൂപ വാര്‍ഷിക പ്രീമിയം തുക മാറ്റി വെച്ചാല്‍ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കാം. വരുമാനത്തിന്റെ വെറും 2 ശതമാനം മാത്രമാണിതെന്ന് ഓര്‍ക്കുക.
മാരക രോഗങ്ങളും പകര്‍ച്ച വ്യാധികളും
മാരകരോഗമെന്നു പറയുമ്പോള്‍ ക്യാന്‍സര്‍ പോലുള്ളവ. അവയ്ക്ക് കൂടി പരിരക്ഷ നല്‍കുന്ന പോളിസി എടുക്കണം.
അപകടങ്ങള്‍
അപകടങ്ങള്‍ റോഡപകടങ്ങള്‍ മാത്രമല്ല, തീപൊള്ളലേല്‍ക്കലോ, ആക്രമണത്തിനിരയാകലോ, എന്തിന് വീട്ടിനുള്ളില്‍ ഒന്നു തെന്നി വീണാലോ അത് അപകടമാണ് എന്നിരിക്കെ അപകട ഇന്‍ഷുറന്‍സിനെ നിസ്സാരമായി കണക്കാക്കാനാകില്ല. 50 ഓളം അപകടങ്ങളാണ് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്. 50 ലക്ഷം വാര്‍ഷിക വരുമാനമുള്ളയാള്‍ 2500 മുതല്‍ 5000 രൂപ വരെ വര്‍ഷം മാറ്റി വെച്ചാല്‍ വേണ്ടത്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകട മരണം, അംഗവൈകല്യം, അപകടം മൂലമുള്ള സാമ്പത്തിക നഷ്ടങ്ങള്‍, ബാധ്യതകള്‍ എന്നിവയെല്ലാം അപടക ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്ന സാഹചര്യങ്ങളാണ്. വരുമാനത്തിന്റെ വെറും പൂജ്യം ദശാംശം 5 ശതമാനം തുക മാറ്റി വെച്ചാല്‍ തന്നെ നിങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നേടാം.
പ്രകൃതി ദുരന്തങ്ങള്‍
പ്രളയവും ഭൂചലനവും സുനാമിയും പോലുള്ള റിസ്‌കുകളെ മലയാളികള്‍ക്ക് ഇനിയത്ര നിസ്സാരമായി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.പ്രകൃതി ദുരന്തങ്ങളുള്‍പ്പെടെ 12 ഓളം റിസ്‌കുകള്‍ കവര്‍ ചെയ്യപ്പെടുന്നു. വരുമാനത്തിന്റെ 0. 5 ശതമാനം മാത്രം നീക്കി വച്ചാല്‍ ഹോം ഇന്‍ഷുറന്‍സ് പോലുള്ളവ സ്വന്തമാക്കാം. 25 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ ചെലവ് വന്ന വീടാണ് ഇന്‍ഷുര്‍ ചെയ്യുന്നതെങ്കില്‍ 1250 രൂപ മുതല്‍ 2500 രൂപ വരെ പ്രതിവര്‍ഷ പ്രീമിയമായി ഒരു തുക മാറ്റി വെച്ചാല്‍ മതിയെന്നര്‍ത്ഥം.
സ്വാഭാവിക മരണം
ആള്‍നാശം, സാമ്പത്തിക നഷ്ടം, ബാധ്യതകള്‍ എന്നിവയാണ് ഇതിലെ റിസ്‌ക് ഫാക്റ്ററുകളായി കണക്കാക്കപ്പെടുന്നത്. വരുമാനത്തിന്റെ വെറും 2 ശതമാനം മാത്രം മാറ്റിവച്ചാല്‍ നിങ്ങള്‍ക്ക് മികച്ച ടേം കവര്‍ ലഭിക്കും. ഉദാഹരണത്തിന് നാല് ലക്ഷമാണ് നിങ്ങളുടെ വാര്‍ഷിക വരുമാനമെങ്കില്‍ പ്രതിവര്‍ഷം പരമാവധി 150000 രൂപ വരെ വാര്‍ഷിക പ്രീമിയം തുക നല്‍കിയാല്‍ മതി എന്നര്‍ത്ഥം. മുകളില്‍ പറഞ്ഞ റിസ്‌കുകള്‍ എല്ലാം ചേര്‍ത്ത് നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ വെറും അഞ്ച് ശതമാനം ചെലവഴിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം എന്നര്‍ത്ഥം.
ഇന്‍ഷുര്‍ ചെയ്യുന്ന ആളുടെ പ്രായത്തിനും ഇന്‍ഷുര്‍ ചെയ്യുന്ന തുകയ്ക്കും കമ്പനിക്കും അനുസൃതമായി പ്രീമിയത്തിലു മാറ്റം വന്നേക്കാം. ഒരു വിദഗ്ധ ഉപദേശത്തോടെ മാത്രം നിങ്ങള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ് നേടുക.
വിവരങ്ങള്‍ക്ക് കടപ്പാട്: വിശ്വനാഥന്‍ ഓടാട്ട്, (ഇന്‍ഷുറന്‍സ് വിദഗ്ധന്‍, തൃശൂര്‍ എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി എംഡി)


Tags:    

Similar News