മുടക്കിയ തുകയുടെ മൂന്നര ഇരട്ടി നേടാന്‍ ഒരു എല്‍ഐസി പദ്ധതി
കാലാവധി എത്തും വരെ കൃത്യമായി നിക്ഷേപിക്കണം. നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 2 ലക്ഷമാണ്
എല്‍ഐസിയുടെ ജനകീയ പദ്ധതികളില്‍ പ്രധാനമായ ഒന്നാണ് എല്‍ഐസി ജീവന്‍ലാഭ്. നിക്ഷേപപദ്ധതികളില്‍ നിന്നും കാലാവധി കഴിയുമ്പോള്‍ കുറഞ്ഞ തുകയാണ് കയ്യില്‍ തിരികെ ലഭിക്കുന്നതെന്ന പരാതി പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം വ്യത്യസ്തമാണ്. കൃത്യമായി നിക്ഷേപിച്ചാല്‍ എല്‍ഐസി ജീവന്‍ ലാഭിലൂടെ മികച്ച നേട്ടമാണ് സ്വന്തമാക്കാനാകുന്നത്.
2020 ലാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ജീവന്‍ലാഭ് പോളിസി തുടങ്ങിയതെങ്കിലും പുതുതായി ഈ പദ്ധതിയിലേക്ക് ചേരുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണാം.
എല്‍ഐസി ജീവന്‍ ലാഭിനെക്കുറിച്ചുള്ള വിവരങ്ങള്‍.
സമ്പാദ്യത്തോടൊപ്പം ഇന്‍ഷുറന്‍സും
നോണ്‍ ലിങ്ക്ഡ്, പ്രോഫിറ്റ് എന്‍ഡോവ്മെന്റ് പോളിസി എന്ന നിലയ്ക്ക് ഈ പ്ലാനിലൂടെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പോളിസി ഉടമയ്ക്ക് അടച്ച തുകയും ബോണസും ലഭിക്കും. പോളിസി ഉടമയുടെ ഇന്‍ഷുറന്‍സ് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇന്‍സ്റ്റാള്‍മെന്റായും പണം പിന്‍വലിയ്ക്കാവുന്നതാണ്. ഇതിന് അധിക പലിശയും നേടാം. പോളിസി കാലയളവിനുള്ളില്‍ പണം ആവശ്യമുള്ളവര്‍ക്ക് വായ്പാ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും. മൂന്ന് വര്‍ഷം മുടക്കമില്ലാതെ പ്രീമിയം അടച്ചാല്‍ വായ്പ എടുക്കാം.
നേട്ടം ഇങ്ങനെ
25 വര്‍ഷത്തെ പോളിസി എടുക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ദിവസം 250 രൂപ വീതം ഈ പോളിസിയിലേക്ക് മാറ്റിവച്ചിരിക്കണം. ഇത്തരത്തില്‍ മാസത്തില്‍ ഏകദേശം 7700 രൂപ എന്ന രീതിയില്‍ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. 25 വര്‍ഷ പോളിസിയായതിനാല്‍ 16 വര്‍ഷത്തെ പ്രീമിയം കാലയളവില്‍ 20 ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ ബോണസ് കൂടാതെ 50 ലക്ഷത്തിലധികം രൂപയും ലഭിക്കും.
നികുതി ഇളവ്
പ്രീമിയം അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതിയില്‍ 1.50 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. പോളിസിയെടുത്തയാള്‍ ഇന്‍ഷുറന്‍സ് കാലാവധി തീരുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ നോമിനിക്ക് മരണ- ആനുകൂല്യം ലഭിക്കും
എട്ടുവയസ്സുമുതല്‍ ചേരാം
മൈനര്‍ ആയ കുട്ടികളുടെ പേരില്‍ പോലും എല്‍ഐസി ജീവന്‍ ലാഭ് ആരംഭിക്കാം. എട്ട് വയസ്സെങ്കിലും വേണം. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിക്ക് വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയിലാണ് നിങ്ങള് ചേരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 59 വയസിനുള്ളില്‍ ജീവന്‍ ലാഭ് പദ്ധതിയില്‍ അംഗമാകേണ്ടതുണ്ട്.. 21 വര്‍ഷ പോളിസിയാണെങ്കില്‍ 54 വയസിനകം പദ്ധതിയില്‍ അംഗമാകണം. 25 വര്‍ഷ പോളിസയിലാണെങ്കില്‍ 50 വയസിനുള്ളിലും ചേരേണ്ടതുണ്ട്.
മൂന്ന് ടേമിലും ഇന്‍ഷുറന്‍സ്
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ മൂന്ന് ടേമുകളില്‍ ഇന്‍ഷുറന്‍സ് ലഭ്യമാകും. മാസത്തിലോ, മൂന്ന് മാസംകൂടുമ്പോഴോ, ആറ് മാസത്തിലോ, വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ടാകും. 5,000 രൂപയാണ് മാസത്തില്‍ അടക്കേണ്ട കുറഞ്ഞപ്രീമിയം. മൂന്ന് മാസത്തിലേതാണെങ്കില്‍ 15,000 രൂപയും അര്‍ധ വര്‍ഷത്തില്‍ 25,000 രൂപയുമാണ് കുറഞ്ഞ പ്രീമിയമായി അടക്കേണ്ടത്.
15 കൊല്ലത്തെ പോളിസിയെടുത്തവര്‍ 10 വര്‍ഷം പ്രീമിയം അടയ്ക്കണം. വര്‍ഷത്തില്‍ 50,000 രൂപയാണ് അടയ്‌ക്കേണ്ട പ്രീമിയം. 21 വര്‍ഷം തിരഞ്ഞെടുത്തവര്‍ 15 വര്‍ഷവും, 25 വര്‍ഷം തിരഞ്ഞെടുത്തവര്‍ 16 കൊല്ലവം പ്രീമിയം അടയ്ക്കണം.
കുറഞ്ഞത് 2 ലക്ഷം
ജീവന്‍ലാഭ് പോളിസിയില്‍ നിക്ഷേപിക്കേണ്ട കുറഞ്ഞ സം അഷ്വേര്‍ഡ് തുക 2 ലക്ഷമാണ്. ഉയര്‍ന്ന സം അഷ്വേര്‍ഡ് തുകയ്ക്ക് പരിധിയില്ല.