റോഡ് നിയമം ലംഘിക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് ഇളവിന് സര്‍ക്കാര്‍

ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘനപ്പിഴ തുക അടച്ചതായി ഉറപ്പുവരുത്താൻ നിര്‍ദേശിക്കും

Update:2023-08-18 10:35 IST

Image courtesy: canva

എ.ഐ കാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും കുറഞ്ഞു. ഈ സാഹചര്യത്തില്‍ വാഹന ഇന്‍ഷുറന്‍സില്‍ നിയമം ലംഘിക്കാത്തവര്‍ക്കുള്ള പരിഗണന നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഇവ കമ്പനികളോട് ആവശ്യപ്പെടും

നിരവധി ജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘനപ്പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിര്‍ദേശിക്കും.

അപകടമുണ്ടായ ഉടനെ നല്‍കേണ്ട അടിയന്തിര ചികിത്സ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കാനും സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മൂന്നാം വാരം കമ്പനി മേധാവികളുടെയും ഐ.ആര്‍.ഡി.എ (Insurance Regulatory and Development Authority) ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കും.

Tags:    

Similar News