എസ് ബി ഐ ജനറല്‍ ഇന്‍ഷുറന്‍സ്; പ്രതീക്ഷിക്കുന്നത് 20 ശതമാനം വളര്‍ച്ച

ആരോഗ്യം, മോട്ടോര്‍ വാഹനം എസ്എംഇ, ഗ്രാമീണ മേഖലകളിലായിരിക്കും എസ്ബിഐ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Update: 2021-10-19 08:47 GMT

എസ് ബി ഐ ജനറല്‍ ഇന്‍ഷുന്‍സ് ഈ സാമ്പത്തിക വര്‍ഷം 20 ശതമാനത്തോളം വളര്‍ച്ച നേടിയേക്കും. ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ 14 ശതമാനം വളര്‍ച്ചയോടെ സ്ഥാപനത്തിന്റെ ആകെ നേരിട്ടുള്ള പ്രീമിയം 4129 കോടിയില്‍ എത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 3620 കോടി രൂപ ആയിരുന്നു നേരിട്ടുള്ള ആകെ പ്രീമിയം തുക.

നടപ്പ് സാമ്പത്തിക വര്‍ഷം ജനറല്‍ ഇന്‍ഷുറന്‍സ് മേഖല ഒന്നാകെ15 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ് ബി ഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രകാശ് ചന്ദ്ര കന്‍ഡ്പാല്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ ഏറിയതാണ് വളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വാഹന ഇന്‍ഷുറന്‍സുകളിലും വര്‍ധന പ്രകടമായി. ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്‍ബലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വലിയ വളര്‍ച്ചയാണ് നേടുന്നത്. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിച്ചെലവ് വര്‍ധിച്ചതും കൂടുതല്‍ ആളുകളെ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല ഇരട്ടിയോളം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്.

ആരോഗ്യം, മോട്ടോര്‍ വാഹനം എസ്എംഇ, ഗ്രാമീണ മേഖലകളിലായിരിക്കും എസ് ബി ഐ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ചിപ്പ് ക്ഷാമം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വാഹന ഇന്‍ഷുറന്‍സ് മേഖല വളര്‍ച്ച നേടുമെന്നും പ്രകാശ് ചന്ദ്ര കന്‍ഡ്പാല്‍ പറഞ്ഞു. കൊവിഡ് വാക്‌സിനേഷനില്‍ രാജ്യം നേടുന്ന പുരോഗതിയും മേഖലയ്ക്ക് ഗുണകരമാകും. എസ് ബി ഐ ജനറല്‍ ഇന്‍ഷുന്‍സിലെ ആകെ പോളിസികളുടെ 25 ശതമാനവും വാഹന ഇന്‍ഷുറന്‍സുകളാണ്. 25 മുതല്‍ 30 ശതമാനം വരെയാണ് വിള ഇന്‍ഷുറന്‍സുകള്‍. ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ 20 ശതമാനം ആണ്. ഫയര്‍ ഇന്‍ഷുറന്‍സ് 15 ശതമാനവും വരും. ബാക്കിയുള്ള 10-12 ശതമാനത്തിലാണ് മറ്റ് ഇന്‍ഷുറന്‍സുകള്‍.

Tags:    

Similar News