'ദിവസം ഒന്നര രൂപ മാറ്റിവച്ചാല്‍ ഇന്‍ഷുറന്‍സ് പോളിസി' ലഭിക്കുമോ? പരസ്യങ്ങളിലെ സത്യമെന്ത്?
പരസ്യങ്ങള്‍ കണ്ട് ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ ചതിക്കുഴിയില്‍ വീഴുന്ന വഴികള്‍
നമ്മുടെ ജീവിതത്തിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എന്തും ഓണ്‍ലൈനിലൂടെ വാങ്ങുന്ന ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് എന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വില്‍ക്കുന്ന കമ്പനികളുടെ പരസ്യം ഓരോ മിനിട്ടിലും പൊങ്ങിവരുന്നുമുണ്ട്.
അടുത്തകാലത്ത് ഓണ്‍ലൈനില്‍ കറങ്ങി നടന്ന, ഇപ്പോഴും പലയിടങ്ങളിലും കാണപ്പെടുന്ന ഒരു പരസ്യമാണ് ''ദിവസം ഒന്നര രൂപ മാറ്റി വച്ചാല്‍ ഇന്‍ഷുറന്‍സ് പോളിസി നേടാം, 10 രൂപ മാറ്റിവച്ചാല്‍ മികച്ച പോളിസി നേടാം'' എന്നതൊക്കെ.
ഒരു നിശ്ചിത തുക പ്രീമിയം അടച്ച് മികച്ച ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കാന്‍ മടിക്കുന്ന യുവജനങ്ങള്‍ പലപ്പോഴും ഇത്തരത്തില്‍ പരസ്യങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് പരസ്യത്തില്‍ക്ലിക്ക് ചെയ്ത് പോളിസി വിവരങ്ങള്‍ പോലും വായിച്ചു നോക്കാതെ കുഴിയില്‍ വീഴാറുണ്ട്.
ഓണ്‍ലൈനിലൂടെ മികച്ച പോളിസികള്‍ ലഭ്യമല്ല എന്നല്ല, എന്നാല്‍ പോളിസിയുടെ വിവരങ്ങള്‍, ലഭ്യമല്ലാത്ത സേവനങ്ങള്‍(Excemptions), ആശുപത്രികള്‍, പ്രാദേശിക ഓഫീസുകളുടെ വിവരങ്ങള്‍ എന്നിവയൊന്നും ലഭ്യമാക്കണമെന്നില്ല പല കമ്പനിക്കാരും. എന്നാല്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പലപ്പോഴും മികച്ച ഇടക്കാല ഓഫറുകള്‍ ഇത്തരത്തില്‍ തവണകളായി നല്‍കാറുണ്ട്. അപ്പോഴും അത് എത്ര നാളത്തേക്ക് എന്നതൊന്നും വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തിലേക്ക് അവയില്‍ ആകൃഷ്ടരായി വാങ്ങാതിരിക്കുക.
ഇനി ഒന്നര രൂപ മാറ്റിവച്ച് ഇന്‍ഷുറന്‍സ് വാങ്ങാം എന്നു പറയുന്നതിന്റെ പിന്നില്‍ എന്താണെന്ന് പറയാം.
ദിവസം ഒന്നര രൂപ മാറ്റിവച്ചാല്‍ ഒരുവര്‍ഷം ആകുമ്പോഴേക്കും അത് 547- 550 രൂപയോളം എത്തും. പത്ത് രൂപ ആണെങ്കിലോ വര്‍ഷം 3650 രൂപയോളം വരുന്നതുകയാകും. ഈ തുക ഉപയോഗിച്ച് നിങ്ങള്‍ക്ക് വാഹന ഇന്‍ഷുറന്‍സോ, യാത്രാ ഇന്‍ഷുറന്‍സോ, ഹെല്‍ത്ത് ഇന്‍ഷുറന്‍സോ മറ്റോ വാങ്ങാവുന്നതാണ്. ആനുകൂല്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും കമ്പനിയിലെ ഏതെങ്കിലും പോളിസികളാണോ നിങ്ങള്‍ക്ക് വേണ്ടത് എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്.
നിങ്ങള്‍ പുന:പരിശോധന നടത്തേണ്ടത് നിങ്ങളുടെ ആവശ്യകതകള്‍ എന്താണെന്നും അത് നിറവേറ്റാന്‍ ഉതകുന്നതാണോ ഈ പോളിസി എന്നുമാണ്. ആരോഗ്യമുള്ള 20 കളിലുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഈ തുക ഉപയോഗിച്ച് ഏറ്റവും മികച്ച പോളിസി തന്നെ സ്വന്തമാക്കാമെന്നാണ്.
ഇനി 30-40 വയസ്സുകാരാണെങ്കിലോ നിങ്ങള്‍ ചിന്തിക്കേണ്ടത് നിങ്ങള്‍ ഒരു ട്രിപ്പ് പോകാന്‍ ഉപയോഗിക്കുന്ന അല്‍പ്പം തുക മതി നിങ്ങള്‍ക്ക് അനുയോജ്യമായ ഇന്‍ഷുറന്‍സ് കവറേജ് ഒരു വര്‍ഷത്തേക്ക് സ്വന്തമാക്കാന്‍ എന്നാണ്.
ഉണരൂ ഉപഭോക്താവേ ഉണരൂ!
Read More:
ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വാങ്ങാം, പക്ഷെ ഈ 4 സേവനങ്ങള്‍ ചിലപ്പോള്‍ കിട്ടിയേക്കില്ല
(വിവരങ്ങൾ പങ്കിട്ടത് ഇൻഷുറൻസ് വിദഗ്ധനായ വിശ്വനാഥൻ ഒടാട്ട് ആണ്)