രോഗം വരാതിരുന്നാല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ആനുകൂല്യം, ഇക്കാര്യം നിങ്ങള്‍ക്കറിയാമോ?

പ്രീമിയം തുകയിലുള്ള ഡിസ്‌കൗണ്ട്, സൗജന്യ ചെക്കപ്പ് തുടങ്ങി വിവിധ ആനൂകൂല്യങ്ങള്‍.

Update:2021-12-11 10:30 IST

ചിട്ടയായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് ആരോഗ്യവും സൗന്ദര്യവും മാത്രമല്ല , ഇന്‍ഷുറന്‍സ് ഇളവുകളും സ്വന്തമാക്കാം. എന്നാല്‍ പലര്‍ക്കും ഇക്കാര്യങ്ങളെക്കുറിച്ച് വലിയ പിടിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ മിക്ക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും മികച്ച ആരോഗ്യശീലങ്ങളുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിവിധ ആനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

പ്രീമിയം തുകയില്‍ ഡിസ്‌കൗണ്ട്, സൗജന്യ ഹെല്‍ത്ത് ചെക്ക് അപ്പുകള്‍, ജിം, യോഗ സെന്റര്‍ തുടങ്ങിയ ഇടങ്ങളിലെ സൗജന്യ മെമ്പര്‍ഷിപ്പ് തുടങ്ങി ആനൂകൂല്യങ്ങളുടെ പട്ടിക നീളുന്നു. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ റിസര്‍ച്ച് നടത്തി മാത്രമേ ഇത്തരം ആനുകൂല്യങ്ങളും ലഭിക്കൂ.
ഡിസ്‌കൗണ്ടുകള്‍ ഉപഭോക്താവിനും ഇന്‍ഷുറന്‍സ് കമ്പനിക്കും ഗുണകരമാണ്. ഉപഭോക്താവ് ആരോഗ്യവാനായിരിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനിയെ സംബന്ധിച്ച് നല്ലതായിരിക്കേ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകുന്നതിലൂടെ ഉപഭോക്താവിനും നേട്ടമുണ്ടാകുന്നു.
മാക്സ് റി അഷ്വര്‍, ആദിത്യ ബിര്‍ള ആക്ടിവ് അഷ്വര്‍, എച്ച്ഡിഎഫ്സി മൈ ഹെല്‍ത്ത് സുരക്ഷ, എച്ച്ഡിഎഫ്സി എര്‍ഗോ ഒപ്റ്റിമ റിസ്റ്റോര്‍, സിഗ്മ പ്രോഹെല്‍ത്ത് തുടങ്ങി നിരവധി സ്വകാര്യ കമ്പനികള്‍ ഇത്തരത്തില്‍ ആനൂകൂല്യങ്ങള്‍ നല്‍കുന്നു. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ 100 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന കമ്പനികള്‍ പോലുമുണ്ട്.
ജിം മാത്രമല്ല, രാവിലെ നടക്കാനിറങ്ങുന്നതു പോലും ഇന്‍ഷുറന്‍സില്‍ ഡിസ്‌കൗണ്ട് നേടാനുപകരിക്കുമെന്നാണ് മേഖലയില്‍ നിന്നുള്ള അറിവ്. ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് തങ്ങളുടെ ഫിറ്റ്നസ് ഉപകരണങ്ങള്‍ അതുമായി ലിങ്ക് ചെയ്ത് ആനുകൂല്യം നേടാവുന്ന സൗകര്യങ്ങളുണ്ട്.
ഗൂഗ്ള്‍ ഫിറ്റ്, ആപ്പ്ള്‍ ഹെല്‍ത്ത് ഡാറ്റ തുടങ്ങിയവ ഇ-മെയ്ല്‍ ചെയ്ത് നല്‍കിയും കമ്പനികള്‍ ഉപഭോക്താക്കളുടെ ആരോഗ്യവിവരങ്ങളുടെ റിപ്പോര്‍ട്ട് എടുക്കുന്നു. എത്ര ഭക്ഷണം കഴിച്ചു, എത്രദൂരം നടന്നു, എത്ര കലോറി ഇല്ലാതായി, എത്ര നേരം ഉറങ്ങി, എത്ര നേരം പ്രവര്‍ത്തന നിരതനായി, എത്ര നേരം നിന്നു തുടങ്ങിയ കാര്യങ്ങളെല്ലാം മോണിറ്റര്‍ ചെയ്യാനും കമ്പനികള്‍ക്ക് സൗകര്യമുണ്ട്.
ചില കമ്പനികളാവട്ടെ, നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരത്തിനനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മിക്ക കമ്പനികളും വര്‍ഷത്തിലൊരിക്കല്‍ സൗജന്യം ഹെല്‍ത്ത് ചെക്ക് അപ്പ് നല്‍കി വരുന്നുണ്ട്.
രാജ്യത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സുള്ളവരില്‍ 15 ശതമാനം പേര്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുള്ളൂവെന്നതാണ് കുറച്ച് നാള്‍ മുമ്പ് പോളിസി ബസാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. എന്തൊക്കെ ആനുകൂല്യങ്ങളാണ് കമ്പനികള്‍ നല്‍കുന്നത് എന്നറിഞ്ഞു വേണം ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍. നിലവിലുള്ള പ്ലാനുകളിലെ ആനുകൂല്യങ്ങളെ കുറിച്ച് അറിയാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെടാം. പുതുതായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് തേടുന്നവര്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുകയും വേണം.


Tags:    

Similar News