അഞ്ച് ദിവസത്തിനിടെ 43 ശതമാനം നേട്ടം: ശ്രീ രേണുക ഷുഗര്‍ ലിമിറ്റഡിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്ത്?

ഒരു വര്‍ഷത്തിനിടെ 464 ശതമാനത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്

Update: 2022-04-12 12:02 GMT

ഏതാനും ദിവസങ്ങളായി ഓഹരി വിപണിയില്‍ കുതിച്ചുയരുകയാണ് രാജ്യത്തെ പ്രമുഖ പഞ്ചസാര നിര്‍മാതാക്കളായ ശ്രീ രേണുക ഷുഗര്‍ ലിമിറ്റഡ്. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസങ്ങളിലായി 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഇന്ന് (12-04-2022) 54.55 രൂപ എന്ന നിലയിലാണ് ശ്രീ രേണുക ഷുഗര്‍ വ്യാപാരം അവസാനിപ്പിച്ചത്. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ കുതിച്ചെങ്കിലും ഇന്ന് 3.35 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.

സമീപഭാവിയില്‍ പഞ്ചസാര കമ്പനിയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന വാര്‍ത്തകളാണ് രേണുക ഷുഗറിന്റെ ഓഹരിവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ, എഥനോള്‍ മിശ്രിത നയം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നിരുന്നു. ആറ് മാസത്തിനിടെ 81 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച ശ്രീരേണുക ഷുഗര്‍ ഒരു വര്‍ഷത്തിനിടെ 464 ശതമാനത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
എന്നിരുന്നാലും, ശ്രീ രേണുക ഷുഗര്‍ ഓഹരി വിലയിലെ വര്‍ധന പൂര്‍ണമായും ഊഹക്കച്ചവടമാണെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രേണുക ഷുഗര്‍ ഷെയറുകളിലെ ഈ വര്‍ധന പൂര്‍ണമായും ഊഹക്കച്ചവടമാണെന്ന് പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി അവിനാഷ് ഗോരക്ഷകര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ നിലവിലുള്ള മൂല്യത്തേക്കാള്‍ വളരെ കൂടുതലാണ് ഓഹരി വിലയിലെ വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News