image:Dhanam File 
Markets

ബോണ്ടുകളുടെ വില ഇടിയല്‍, അദാനി ഗ്രൂപ്പിലെ പ്രതിസന്ധി രൂക്ഷമാവുന്നു

ക്രെഡിറ്റ് സ്വീസിന് പിന്നാലെ സിറ്റിഗ്രൂപ്പും അദാനി ബോണ്ടുകളില്‍ വായ്പ നല്‍കുന്നത് അവസാനിപ്പിച്ചു. ബോണ്ടുകളിലൂടെ എടുത്ത വായ്പകള്‍ക്ക് കമ്പനി അധിക തുക നല്‍കേണ്ടി വരും

Dhanam News Desk

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനുണ്ടായ (Adani Group)  പ്രതിസന്ധി രൂക്ഷമാവുന്നു. അദാനി പോര്‍ട്ട്‌സ്, അദാനി ഗ്രീന്‍ എന്നിവ പുറത്തിറക്കിയ ബോണ്ടുകളുടെ വില 30 ശതമാനത്തിലധികം ആണ് ഇടിഞ്ഞത്. ഈ സാഹചര്യത്തില്‍ പണ സമാഹരണത്തിനും നിലവിലെ വായ്പകള്‍ പുതുക്കുന്നതിനും വളരെ ഉയര്‍ന്നതും അപ്രാപ്യമായിട്ടുള്ളതുമായ പലിശയാവും സാമ്പത്തിക സ്ഥാപനങ്ങള്‍ ആവശ്യപ്പെടുക. 

ക്രെഡിറ്റ് സ്വീസിന് പിന്നാലെ അദാനി കമ്പനികളുടെ ബോണ്ടുകളിന്മേല്‍ വായ്പ നല്‍കുന്നത് സിറ്റിഗ്രൂപ്പും അവസാനിപ്പിച്ചു. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില താഴുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് സിറ്റിഗ്രൂപ്പ് വ്യക്തമാക്കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

എഫ്പിഒ പിന്‍വലിക്കല്‍ അപ്രതീക്ഷിതം

ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ ഇന്നലെ അപ്രതീക്ഷിതമായി അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ പിന്‍വലിച്ചിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ ഇടിഞ്ഞ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ട് പോവുന്നത് ധാര്‍മികമായി ശരിയല്ലെന്നാണ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞത്. 20,000 കോടി രൂപയുടെ എഫ്പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. തീരുമാനം കമ്പനിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റ് ശക്തമാണെന്നും അദാനി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കയറിയും ഇറങ്ങിയുമാണ് അദാനി എന്റര്‍പ്രൈസസിന്റെ വ്യാപാരം. അദാനി കമ്പനികളില്‍ ഭൂരിഭാഗവും ഇന്നും നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT