മൂന്ന് വര്‍ഷം കൊണ്ട് അയ്യായിരം ശതമാനം നേട്ടം, നിക്ഷേപകരുടെ മനം കവര്‍ന്ന അദാനി കമ്പനിയിതാ

2018ലാണ് ഈ അദാനി കമ്പനി ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത്

Update:2022-05-28 12:16 IST

ഓഹരി വിപണിയില്‍ അസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കുന്ന കമ്പനികള്‍ കുറവല്ല. അത് തന്നെയാണ് മിക്കവരെയും ഓഹരി വിപണിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതും. സാധാരണയായി ഒരു വര്‍ഷം കൊണ്ട് 100 ശതമാനം വരെ നേട്ടങ്ങള്‍ നല്‍കുന്ന കമ്പനികള്‍ നിരവധിയുണ്ടെങ്കിലും അത്ഭുതകരമായ റിട്ടേണ്‍ നല്‍കുന്ന കമ്പനികള്‍ വളരെ കുറവാണ്. ഇത്തരത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് 50 മടങ്ങ് നേട്ടം സമ്മാനിച്ചൊരു അദാനി കമ്പനിയുണ്ട്.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. മൂന്ന് വര്‍ഷത്തിനിടെ 5106 ശതമാനം നേട്ടമാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, 2019 മെയ് 24ന് 42.30 രൂപയായിരുന്ന ഈ കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 2160 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഒരു വ്യക്തി ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 50 ലക്ഷത്തിന് മുകളിലെത്തിയിട്ടുണ്ടാകും. കഴിഞ്ഞ മാസം വിപണിയില്‍ കുതിച്ചുയര്‍ന്ന ഈ ഓഹരി 2,882 രൂപ വരെയെത്തിയിരുന്നു. പിന്നീട് വിപണി ചാഞ്ചാട്ടത്തെ തുടര്‍ന്നാണ് ഓഹരി വിലയില്‍ ഇടിവുണ്ടായത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 25 ശതമാനത്തിലധികം ഇടിവ് നേരിട്ടെങ്കിലും ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 59 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഒരു വര്‍ഷത്തിനിടെ 74 ശതമാനത്തിന്റെ നേട്ടവും ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 2018 ജൂണില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ ഓഹരി വിലയില്‍ ഇതുവരെ 7234 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. തുടക്കത്തില്‍ 50 രൂപ വരെ ചാഞ്ചാടി നീങ്ങിയ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില 2019 അവസാനത്തോടെയാണ് മുന്നേറാന്‍ തുടങ്ങിയത്.

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്‍ജി രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് പ്ലാന്റുകളിലൊന്നായ കമുത്തി സോളാര്‍ പവര്‍ പ്രോജക്ടും കമ്പനിയുടെ കീഴിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

Tags:    

Similar News