അദാനി ഗ്രൂപ്പിലെ പ്രശ്‌നങ്ങള്‍ ബാങ്കുകളെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍

എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക ഇടപാട് പരിധി വിട്ടിട്ടില്ലെന്ന് ധനമന്ത്രി

Update: 2023-02-03 10:49 GMT

അദാനി ഗ്രൂപ്പിലെ ഓഹരികള്‍ ഇടിയുന്നത് ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. സിഎന്‍ബിസി ടിവി18ന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക ഇടപാട് പരിധി വിട്ടിട്ടില്ല.

ഓഹരി വില ഇടിയുന്നുണ്ടെങ്കിലും അദാനി കമ്പനികളില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇപ്പോഴും ലാഭത്തിലാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന് എസ്ബിഐ 21,000 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചടവില്‍ ഇതുവരെ അദാനി വീഴ്ച വരുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പുമായുള്ള 7000 കോടിയുടെ ഇടപാട് സുരക്ഷിതമാണെന്നാണ് ബാങ്ക് ബറോഡ അറിയിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയിട്ടുള്ള ബാങ്കുകളോട് ആര്‍ബിഐ വിശദീകരണം തേടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി എല്‍ഐസിയും രംഗത്തെത്തിയിരുന്നു. ആകെ 35,319.31 കോടിയുടെ നിക്ഷേപമാണ് അദാനി കമ്പനികളില്‍ എല്‍ഐസിക്കുള്ളത്.

Tags:    

Similar News