ഓഹരി വിപണിയില്‍ അദാനിക്ക് തിരിച്ചടി
അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും നഷ്ടത്തില്‍. എഫ്പിഒയ്ക്ക് പിന്നാലെ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 28 ശതമാനത്തോളം ഇടിഞ്ഞു. അദാനിയുടെ ആസ്തി ഇടിഞ്ഞതോടെ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരന്‍ എന്ന പദവി വീണ്ടും മുകേഷ് അംബാനിക്ക്
ബജറ്റ് ദിനത്തില്‍ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ തിരിച്ചടി. ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയെല്ലാം ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്. ഇന്നലെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കിയ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 28 ശതമാനത്തോളം ആണ് ഇടിഞ്ഞത്.
വായ്പകള്‍ക്ക് ഈടായി അദാനി കമ്പനികളുടെ ബോണ്ടുകള്‍ സ്വീകരിക്കുന്നത് ക്രെഡിറ്റ് സ്യൂസ് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടാണ് ഓഹരികള്‍ ഇടിയാനുള്ള പ്രധാന കാരണം. അദാനി പോര്‍ട്ട്‌സിന്റെ ഓഹരികള്‍ ഇടിഞ്ഞത് 20 ശതമാനത്തോളം ആണ്. അംബുജ സിമന്റ്‌സ് ഓഹരികള്‍ 16 ശതമാനത്തോളം നഷ്ടത്തിലാണ്. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളും 10 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലായി.
ശതകോടീശ്വര പട്ടികയില്‍ മുകേഷ് അംബാനി മുന്നില്‍
ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പതിനഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 75.1 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ഒമ്പതാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 83.7 ശതകോടി ഡോളറാണ്. അദാനിയുടെ ആസ്തി ഇടിഞ്ഞതോടെ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരന്‍ എന്ന പദവി വീണ്ടും അംബാനിക്ക്.