റെക്കോര്‍ഡ് നില തൊട്ട് ഓട്ടോ സൂചിക, ഈ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ബിഎസ്ഇ ഓട്ടോ സൂചിക 15.5 ശതമാനം ഉയര്‍ന്നു
ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ ഇന്‍ട്രാ ഡേ ട്രേഡില്‍ എസ് ആന്റ് പി ബിഎസ്ഇ ഓട്ടോ സൂചിക പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയരുന്നു. ഇന്ന് രാവിലെ ബിഎസ്ഇ ഓട്ടോ സൂചിക 1.3 ശതമാനം ഉയര്‍ന്നതോടെയാണ് റെക്കോര്‍ഡ് നിലയായ 27,781 പോയ്ന്റ് തൊട്ടത്. വ്യക്തിഗത ഓഹരികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം), ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ (ടിഐഐ) എന്നിവയും ബിഎസ്ഇയില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
എം ആന്‍ എമ്മിന്റെ ഓഹരി വില ഇന്ന് 2.36 ശതമാനമാണ് ഉയര്‍ന്നത്. 1,131 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയിലാണ് വ്യാപാരം നടത്തുന്നത്. ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യയുടെ ഓഹരി വിലയും 1.64 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് വിലയായ 2,008 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, ബിഎസ്ഇ ഓട്ടോ സൂചിക 15.5 ശതമാനമാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചികയില്‍ 7.6 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോഴാണ് ഓട്ടോ സൂചിക മുന്നേറിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എം ആന്‍ഡ് എം, ഐഷര്‍ മോട്ടോഴ്സ്, ടിവിഎസ് മോട്ടോര്‍ കമ്പനി, അശോക് ലെയ്ലാന്‍ഡ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ 16 ശതമാനം മുതല്‍ 37 ശതമാനം വരെ നേട്ടമുണ്ടാക്കി.